'ന്യൂനപക്ഷങ്ങളെയാകെ മോശക്കാരായി ചിത്രീകരിക്കുന്നു'; കശ്‌മീർ ഫയൽസിനെതിരെ സി.പി.എം

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത വിവാദ ചലച്ചിത്രം 'ദി കശ്മീർ ഫയൽസി'നെതിരെ വിമർശനവുമായി സി.പി.എം. ന്യൂനപക്ഷങ്ങളെയാകെ മോശക്കാരായി ചിത്രീകരിക്കുകയാണ് സിനിമയെന്നും സിനിമ ഉപയോഗിച്ചുള്ള വർഗീയവത്കരണത്തെ അപലപിക്കുന്നതായും സി.പി.എം കേന്ദ്ര കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.

വർഗീയ ധ്രുവീകരണം കൂടുതൽ തീവ്രമാക്കുന്നതാണ്‌ കശ്‌മീർ ഫയൽസെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. കശ്‌മീരി പണ്ഡിറ്റുകളുടെ ദുരനുഭവം വിവരിക്കുന്ന കശ്‌മീർ ഫയൽസ്‌ യഥാർഥത്തിൽ വർഗീയ ധ്രുവീകരണം തീവ്രമാക്കുകയും ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷത്തിന്റെയും അക്രമണങ്ങളുടേതുമായ അന്തരീക്ഷത്തെ പ്രോത്സാഹിപ്പിക്കുകയുമാണ്‌. ഇത്‌ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും ജനക്ഷേമത്തിനും ഹിതകരമല്ല -സി.പി.എം ചൂണ്ടിക്കാട്ടി.

പ്രസ്താവനയുടെ പൂർണരൂപം

വർഗീയ ധ്രുവീകരണം കൂടുതൽ തീവ്രമാക്കുന്നതാണ്‌ കശ്‌മീർ ഫയൽസ്‌ എന്ന ചലച്ചിത്രമെന്ന്‌ സി.പി.എം കേന്ദ്ര കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. കശ്‌മീർ താഴ്‌വരയിൽ തൊണ്ണൂറുകളിൽ തീവ്രവാദികൾ നടത്തിയ കൊലപാതകങ്ങളെ സി.പി. എം തുടർച്ചയായി ശക്തമായി അപലപിച്ചിട്ടുണ്ട്‌. 1989 ഡിസംബറിൽ തീവ്രവാദികളുടെ വധശ്രമത്തിന്‌ ആദ്യം ഇരയായവരിലൊരാൾ സി.പി.എം നേതാവ്‌ സ. മുഹമദ്‌ യൂസഫ്‌ തരിഗാമിയാണ്‌. ദുരനുഭവങ്ങൾ നേരിട്ട കശ്‌മീരി പണ്ഡിറ്റുകളോട്‌ ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട്‌ അവരുടെ ക്ഷേമവും പുനരധിവാസവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സി.പി.എം ഏറ്റെടുത്തിരുന്നു.

കശ്‌മീരി പണ്ഡിറ്റുകളുടെ ദുരനുഭവം വിവരിക്കുന്ന കശ്‌മീർ ഫയൽസ്‌ യഥാർഥത്തിൽ വർഗീയ ധ്രുവീകരണം തീവ്രമാക്കുകയും ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷത്തിന്റെയും അക്രമണങ്ങളുടേതുമായ അന്തരീക്ഷത്തെ പ്രോത്‌സാഹിപ്പിക്കുകയുമാണ്‌. ഇത്‌ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും ജനക്ഷേമത്തിനും ഹിതകരമല്ല. വർഗീയ വേർതിരിവ്‌ ശക്തിപ്പെടും. തീവ്രവാദത്തിനെതിരായ പോരാട്ടം എല്ലാ ഇന്ത്യാക്കാരുടെയും യോജിച്ച പോരാട്ടമാണ്‌. തീവ്രവാദ ശക്തികളുടെ അതിക്രമങ്ങൾക്ക്‌ എല്ലാ സമുദായങ്ങളും ഇരയായിട്ടുണ്ട്‌. തീവ്രവാദ ആക്രമണങ്ങൾക്കെതിരായ പോരാട്ടത്തെ ഐക്യപ്പെടുത്തുകയാണ്‌ വേണ്ടത്‌. അല്ലാതെ വിഘടിപ്പിക്കുകയല്ല വേണ്ടതെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു. 

Tags:    
News Summary - cpm criticize kashmir files

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.