അഹ്മദാബാദ്: ഗോവധത്തിന് മൂന്നുപേർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ഗുജറാത്ത് കോടതി. ജില്ലാ സെഷൻസ് ജഡ്ജി റിസ്വാന ബുഖാരിയാണ് കാസിം ഹാജി സോളങ്കി, സത്താർ ഇസ്മായിൽ സോളങ്കി, അക്രം ഹാജി സോളങ്കി എന്നിവരെ കുറ്റക്കാരെന്ന് കണ്ട് ശിക്ഷിച്ചത്. 2018ലെ ഗുജറാത്തിലെ പശുഹത്യ നിയമപ്രകാരമാണ് ശിക്ഷ. 18 ലക്ഷം രൂപ പിഴയും ചുമത്തി. പശുവിനെ ഹിന്ദുമതത്തിലെ പുണ്യമൃഗമായി വിലയിരുത്തിയാണ് അമറേലി ജില്ലയിലെ സെഷൻസ് കോടതി ഉത്തരവ്. 2023ലാണ് മൂവരെയും പശുകശാപ്പിന്റെ പേരിൽ അറസ്റ്റ് ചെയ്തത്. നവംബർ ആറിന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
സംഭവസ്ഥലത്തുനിന്ന് അന്ന് 40 കിലോ മാംസവും കശാപ്പിനുപയോഗിച്ച കത്തിയടക്കം സാമഗ്രികളും കണ്ടെടുത്തിരുന്നു. പരിശോധന സമയത്ത് അക്രം മാത്രമാണ് പൊലീസ് പിടിയിലായത്. തുടർന്ന് മറ്റ് രണ്ട് പ്രതികളും പൊലീസിന് മുമ്പാകെ ഹാജരായി.
വിധിക്ക് പിന്നാലെ ചരിത്രവിധിയാണ് ഗുജറാത്ത് കോടതി പുറപ്പെടുവിച്ചതെന്ന് ഭൂപേന്ദ്ര പട്ടേൽ സർക്കാർ വ്യക്തമാക്കി. പശു ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണെന്നും ഇങ്ങനെ ചെയ്യുന്നവർ ഒരു ദയയും അർഹിക്കുന്നില്ലെന്നും സർക്കാർ പറഞ്ഞു. ഇതാദ്യമായാണ് മൂന്നുപേർ ജീവപര്യന്തം തടവിന് ശിക്ഷക്കപ്പെടുന്നതെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ചന്ദ്രേശ് മേത്ത പറഞ്ഞു. കേസിൽ സ്വതന്ത്രനായ ഒരു സാക്ഷിപോലും ഇല്ലെന്നും ഏകപക്ഷീയമായാണ് പൊലീസ് കേസിൽ അന്വേഷണം നടത്തിയതെന്നും പ്രതിഭാഗം വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.