ബംഗളൂരു: ബെള്ളാരി ഗവ. ജില്ല ആശുപത്രിയിൽ കോവിഡ് രോഗികളെ ചികിത്സിച്ചിരുന്ന 35 കാരനായ മെയിൽ നഴ്സിന് കോവിഡ് സ്ഥിരീകരിച്ചത് ആരോഗ്യപ്രവർത്തകർക്കിടയിൽ ആശങ്കയുണ്ടാക്കുന്നു. പി.പി.ഇ കിറ്റ് ഉൾപ്പെടെ ധരിച്ച് കർശന സുരക്ഷയോടെയാണ് നഴ്സുമാർ ഉൾപ്പെടെയുള്ളവർ കോവിഡ് രോഗികളെ ചികിത്സിക്കുന്നതെന്നും അതിനാൽ കോവിഡ് വാർഡിൽനിന്ന് രോഗം പകരാൻ സാധ്യതയില്ലെന്നുമാണ് അധികൃതർ വിശദീകരിക്കുന്നത്. നഴ്സിന് എവിടെ നിന്നാണ് കോവിഡ് പകർന്നതെന്ന അന്വേഷണവും ഇതിനകം ആരംഭിച്ചിട്ടുണ്ട്.
ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലും കോവിഡ് രോഗ ലക്ഷണമുള്ളവർ സാമ്പിൾ നൽകാനെത്തുന്ന സ്ഥലത്തും 35 കാരൻ ഡ്യൂട്ടിയിലുണ്ടായിരുന്നു. പി.പി.ഇ കിറ്റ് ധരിക്കുന്നയൊരാൾക്ക് കോവിഡ് വരാൻ ഒരു ശതമാനം പോലും സാധ്യതയില്ലെന്നും എന്നിട്ടും രോഗമുണ്ടായത് എങ്ങനെയാണെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും ബെള്ളാരി ഡെപ്യൂട്ടി കമീഷണർ നകുൽ പറഞ്ഞു. ഒന്നുകിൽ പി.പി.ഇ കിറ്റ് പ്രോട്ടോകോൾ പ്രകാരം ശരിയായ രീതിയിൽ ധരിച്ചില്ല, അല്ലെങ്കിൽ ആശുപത്രിക്ക് പുറത്തുനിന്ന് മറ്റാരെങ്കിലുമായുള്ള സമ്പർക്കത്തിലൂടെ രോഗം വന്നിരിക്കാം. ഈ രണ്ടു സാധ്യതകളാണ് അധികൃതർ പരിശോധിക്കുന്നത്.
നഴ്സിെൻറ സമ്പർക്ക പട്ടികയിലുള്ള 15 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സാമ്പിളും പരിശോധനക്കയച്ചു. ആരോഗ്യപ്രവർത്തകർക്ക് നടത്തുന്ന പരിശോധനയിലാണ് നഴ്സിെൻറ സാമ്പിളും പരിശോധിച്ചത്. നേരത്തെ ബംഗളൂരു വിക്ടോറിയ ആശുപത്രിയിലെ 37കാരിയായ നഴ്സിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.