പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകൾ എഴുതാതെ ആയിരക്കണക്കിന് കുട്ടികൾ...കാരണം കോവിഡോ?

ന്യൂഡൽഹി: രാജ്യത്ത് പത്തിലേറെ സംസ്ഥാനങ്ങളിൽ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്തിട്ടും എഴുതാതെ ആയിരക്കണക്കിന് വിദ്യാർഥികൾ. അസം, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, നാഗാലാൻഡ്, രാജസ്ഥാൻ, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് സാരമായി കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡും അനുബന്ധ പ്രശ്നങ്ങളുമാണ് കാരണമെന്നാണ് സംസ്ഥാനങ്ങളുടെ വിശദീകരണം.

ഒഡിഷയിൽ 5.71 ദശലക്ഷം വിദ്യാർഥികളാണ് എസ്.എസ്.എൽ.സി പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്. എന്നാൽ 43,489 പേർ പരീക്ഷ എഴുതിയിട്ടില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. കാരണം അന്വേഷിക്കാൻ ജില്ല വിദ്യാഭ്യാസ അധികൃതർക്ക് ഉത്തരവ് നൽകിയിട്ടുണ്ട്.

കോവിഡ് കാലത്ത് വിദ്യാർഥികൾക്ക് ക്ലാസുകളേറെ നഷ്ടമായിരുന്നു. ഇത് പരീക്ഷയെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസം ഇല്ലാതാക്കിയതാണ് പ്രധാന കാരണമായതെന്ന് ഒഡിഷ മുഖ്യമന്ത്രി സമീർ രഞ്ജൻ ദാസ് പറഞ്ഞു. അസം മുഖ്യമന്ത്രി രനോജ് പെഗുവും സമാന കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്.

2019ൽ തമിഴ്നാട്ടിൽ പരീക്ഷക്കെത്താതിരുന്നവരുടെ എണ്ണം 21,761ആയിരുന്നു. 2022ൽ ഇത് 42,521 ആയി ഇരട്ടിച്ചു. ഇതിന്‍റെ കാരണമായി തമിഴ്നാട് സർക്കാർ കോവിഡ് മരണങ്ങൾ, ആരോഗ്യ പ്രശ്നം, പലായനങ്ങൾ എന്നിവയാണ് ചൂണ്ടിക്കാട്ടിയത്. പരീക്ഷക്ക് ഹാജരാകാത്തവരുടെ എണ്ണം തെലങ്കാനയിലും കർണാടകയിലും ഇരട്ടിയായി വർധിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിൽ 2019ൽ 1,567 കുട്ടികൾ എസ്.എസ്.എൽ.സി എഴുതിയില്ല. 2022ൽ ഇത് 10,000 ആയി കുതിച്ചുയർന്നു. ക്ലാസ് തടസ്സപ്പെട്ട കാരണങ്ങൾക്ക് പുറമേ, ഇത്തവണയും പരീക്ഷ മാറ്റിവെക്കുമെന്നും അല്ലെങ്കിൽ ഓൺലൈനായി പരീക്ഷ നടത്തുമെന്നും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു കുട്ടികൾ എന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഓൺലൈനായി പരീക്ഷ ഉണ്ടാകുമെന്ന് കരുതിയാണ് കുട്ടികൾ പരീക്ഷക്ക് എത്താതിരുന്നതെന്ന് മഹാരാഷ്ട്ര പരീക്ഷ ബോർഡ് ചെയർമാൻ ശരദ് ഗോസാവി പറഞ്ഞു.

കോവിഡ് കാരണം 2020ലും 2021ലും മിക്ക സംസ്ഥാനങ്ങളും എസ്.എസ്.എൽ.സി പരീക്ഷ ഒഴിവാക്കിയിരുന്നു. ശേഷം എല്ലാ സംസ്ഥാനങ്ങളിലും പരീക്ഷ കൃത്യമായി നടത്തിയത് ഈ വർഷമാണ്.

Tags:    
News Summary - Covid effect? States see big jump in students skipping Class 10, 12 Board exams this year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.