ചിറ്റൂർ കൊലപാതകം: ചൈനയിൽ നിന്നല്ല, എന്നിൽ നിന്നാണ് കൊറോണ വൈറസ് സൃഷ്ടിക്കപ്പെട്ടതെന്ന് മാതാവ്

ന്യൂഡൽഹി: ചിറ്റൂർ ഇരട്ടക്കൊലക്കേസിൽ പ്രതികളായ പുരുഷോത്തം നായിഡുവിനെയും ഭാര്യ പദ്മജയെയും തിരുപ്പതിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുരുഷോത്തം നായിഡു സാധാരണനിലയിൽ സംസാരിക്കുന്നുണ്ടെങ്കിലും പദ്മജ ഇപ്പോഴും പരസ്പരവിരുദ്ധമായാണ് പെരുമാറുന്നതെന്ന് പോലീസ് പറഞ്ഞു. രണ്ട് പെൺമക്കളെ കൊന്ന കേസിൽ പൊലീസ് കസ്റ്റഡിയിലാണ് ഇരുവരും. 

പാട്ടുപാടുകയും ഡാൻസ് ചെയ്യുകയും ചെയ്തുകൊണ്ടാണ് പദ്മജ മൃതദേഹങ്ങൾക്കരികെ എത്തിയത്. 'എന്തുകൊണ്ട് അര മണിക്കൂർ കൂടി നിങ്ങൾ ക്ഷമിച്ചില്ല, നിങ്ങൾ വിശ്വാസത്തിൽ ഉറച്ച് നിന്നിരുന്നുവെങ്കിൽ നമ്മുടെ കുട്ടികൾ പുനർജനിച്ചേനെ.' പദ്മജ ഭർത്താവിനോട് ചോദിച്ചു.

ദമ്പതികളെ കോവിഡ് പരിശോധനക്ക് കൊണ്ടുപാകനും പൊലീസ് ഏറെ കഷ്ടപ്പെട്ടു. ആശുപത്രിയിലെത്തിയ പദ്മജ കോവിഡ് പരിശോധനക്ക് തയാറായില്ല. താൻ ശിവനാണെന്നും കൊറോണ വൈറസിന് ജന്മം നൽകിയത് താനാണെന്നുമായിരുന്നു പദ്മജയുടെ വാദം. ചൈനയിൽ നിന്നല്ല കൊറോണ വൈറസ് ഉണ്ടായതെന്നും അവർ വാദിച്ചു.

മാർച്ചിൽ കൊറോണ അപ്രത്യക്ഷമാകും. വാക്സിന്‍റെ ആവശ്യമില്ല. പദ്മജ പറഞ്ഞു. പുരുഷോത്തം നായിഡു പദ്മജയെ പരിശോധനക്ക് നിർബന്ധിച്ചപ്പോൾ. 'നിങ്ങൾ എന്‍റെ ഭർത്താവല്ല, ഞാനിപ്പോൾ ശിവനാണ്' എന്നായിരുന്നു പദ്മജ പറഞ്ഞത്.

വിദ്യാർഥിയായ ആലേഖ്യ(27) സംഗീത വിദ്യാർഥിയായ സായി ദിവ്യ(22) എന്നിവരാണ് ഞായറാഴ്ചകൊല്ലപ്പെട്ടത്. വിവരമറിഞ്ഞ് പോലീസ് വീട്ടിലെത്തിയപ്പോൾ തിങ്കളാഴ്ച വരെ കാത്തിരിക്കണമെന്നും അന്നേദിവസം മക്കൾ പുനർജനിക്കുമെന്നുമാണ് പദ്മജ പോലീസിനോട് പറഞ്ഞത്.

മൃതദേഹം വീട്ടിൽനിന്ന് കൊണ്ടുപോകുന്നതും പൂജാമുറിയിൽ പോലീസ് പ്രവേശിക്കുന്നതും ഇവർ തടയാൻശ്രമിച്ചു. ഒടുവിൽ പ്രാർഥിക്കാനാണെന്ന് പറഞ്ഞാണ് പൊലീസ് പൂജാമുറിയിൽ കടന്നത്.

രസതന്ത്രത്തിൽ പി.എച്ച്.ഡി എടുത്ത പുരുഷോത്തം നായിഡു സർക്കാർ കോളേജിൽ വൈസ് പ്രിൻസിപ്പലാണ്. ഗണിതശാസ്ത്രത്തിൽ ബിരുദാനന്തരബിരുദധാരിയായ പദ്മജ ഐ.ഐ.ടി. പ്രവേശനപരീക്ഷ പരിശീലനസ്ഥാപനത്തിൽ അധ്യാപികയായിരുന്നു. മൂത്തമകളായ ആലേഖ്യയാണ് ഇളയമകളെ കൊലപ്പെടുത്തിയതെന്നും ആലേഖ്യ കൊല്ലാൻ ആവശ്യപ്പെട്ടിട്ടാണ് താൻ അവളെ കൊലപ്പെടുത്തിയതെന്നും പദ്മജ മൊഴിനൽകിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.