ന്യൂഡൽഹി: കോടതികൾ അധികാരപരിധി മറികടക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. അന്യായമായി തടവിൽ വെച്ചതിന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട അലഹബാദ് ഹൈകോടതി ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസുമാരായ സഞ്ജയ് കാരോൾ, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.
ജില്ല കോടതി പ്രതികളെ വെറുതെ വിട്ടതിന് ശേഷവും ഹൈകോടതി ജാമ്യ ഹരജി ഫയലിൽ സ്വീകരിച്ചതാണ് സുപ്രീം കോടതിയുടെ വിമർശനത്തിനിടയാക്കിയത്. നടപടിക്രമങ്ങൾ പാലിക്കാതെ അന്യായമായി തടവിൽ വെക്കുന്നത് വ്യക്തികളുടെ അവകാശങ്ങൾക്ക് ഭീഷണിയാണ്. എന്നാൽ, ഇതിനെതിരെ നിയമപരമായ മാർഗങ്ങളിലൂടെ മാത്രമേ നടപടി എടുക്കാവൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കി.
2023ൽ മൻ സിങ് വർമ, അമൻ സിങ് എന്നിവരിൽ നിന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ 1.28 കിലോ ഹെറോയിൻ ആണെന്ന് സംശയിക്കുന്ന പൊടി പിടികൂടി. തുടർന്ന് ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു. ലാബ് പരിശോധനയിൽ പൊടി ഹെറോയിൻ അല്ലെന്ന് വ്യക്തമായതിനെ തുടർന്ന് ജില്ല കോടതി ഇവരെ മോചിപ്പിച്ചു. ഇതിന് ശേഷമാണ് അലഹബാദ് ഹൈകോടതി ജാമ്യ ഹരജി പരിഗണിച്ച് യുവാക്കളെ നാലുമാസം തടവിൽ വെച്ചതിന് അഞ്ചുലക്ഷം നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.