മുംബൈ: ബലാത്സംഗത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഗർഭഛിദ്രം എതിർത്ത് ബോംബെ ഹൈകോടതി. ബോംബെ ഹൈകോടതിയുടെ ഔറംഗാബാദ് ബെഞ്ചാണ് 15 കാരിയുടെ 28 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ വിസമ്മതിച്ചത്. കുഞ്ഞ് ജനിക്കട്ടെയെന്നും ഈ അവസ്ഥയിൽ ഗർഛഛിദ്രം നടത്തിയാൽ പോലും കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാനാണ് ഡോക്ടർമാർ ശ്രമിക്കുകയെന്നും കോടതി ചൂണ്ടിക്കാട്ടി.
മാസം തികയാതെ പ്രസവിച്ചാൽ കുഞ്ഞിന് നിയോനാറ്റൽ പരിചരണം അത്യാവശ്യമാണെന്ന് പെൺകുട്ടിയെ പരിശോധിച്ച മെഡിക്കൽ സംഘം വ്യക്തമാക്കി. എന്നാൽ 12 ആഴ്ച കൂടി കാത്തിരുന്നാൽ സ്വാഭാവിക പ്രസവം നടക്കാൻ സാധ്യതയൊരുങ്ങും. അതോടൊപ്പം പെൺകുട്ടിയുടെ ശാരീരിക,മാനസിക അവസ്ഥകൾ കണക്കിലെടുക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രസവത്തിന് ശേഷം പെൺകുട്ടിക്ക് കുഞ്ഞിനെ ഓർഫനേജിന് കൈമാറാനാണ് തീരുമാനമെങ്കിൽ അത് അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി.
മാസം തികയുന്നതിന് മുമ്പ് പ്രസവിച്ചാൽ കുഞ്ഞിന് ശാരീരിക-മാനസിക പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. അതേസമയം, ഗർഛകാലം പൂർത്തീകരിച്ച് സ്വാഭാവിക പ്രസവം നടന്നാൽ ആരോഗ്യമുള്ള കുഞ്ഞായിരിക്കും ജനിക്കുക. അങ്ങനെ വന്നാൽ കുഞ്ഞിനെ ദത്തെടുക്കാനും ആളുകൾ ഉണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസുമാരായ ആർ.വി. ഖുജ്, വൈ.ജി. ഖൊബ്രഗേഡ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. കുട്ടിയുടെ മാതാവാണ് ഗർഭഛിദ്രത്തിന് അനുമതി തേടി കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ തന്റെ മകളെ കാണാതായി എന്നും പൊലീസ് അന്വേഷണത്തിൽ മൂന്നു മാസത്തിനു ശേഷം രാജസ്ഥാനിൽ ഒരു യുവാവിനൊപ്പം കണ്ടെത്തിയെന്നും ഹരജിയിൽ പറയുന്നുണ്ട്. പോക്സോ നിയമപ്രകാരം പൊലീസ് യുവാവിനെതിരെ കേസെടുത്തിരുന്നു.
ഗർഭഛിദ്രം നടക്കില്ലെന്ന് വന്നതോടെ പെൺകുട്ടിയെ പ്രസവം നടക്കുന്നത് വരെ എൻ.ജി.ഒയിലോ അല്ലെങ്കിൽ സർക്കാർ ആശുപത്രിയിലോ താമസിപ്പിക്കാൻ അനുവദിക്കണമെന്ന് അമ്മ അപേക്ഷ നൽകി. പെൺകുട്ടിയെ നാസിക്കിലെ അഭയകേന്ദ്രത്തിലോ അതല്ലെങ്കിൽ ഗർഭിണികൾക്ക് പരിചരണം നൽകുന്ന സർക്കാർ അഭയകേന്ദ്രങ്ങളിലോ താമസിപ്പിക്കാമെന്ന് കോടതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.