ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം നേടുന്നതിന് മുമ്പ് വോട്ടർ പട്ടികയിൽ ഇടം നേടിയെന്ന ഹരജിയിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് നോട്ടീസ്. വികാസ് ത്രിപാഠി എന്നയാൾ നൽകിയ ക്രിമിനൽ റിവിഷൻ ഹരജിയിൽ ഡൽഹി റൗസ് അവന്യു കോടതിയാണ് സോണിയക്ക് നോട്ടീസ് അയച്ചത്. മറുപടി തേടി ഡൽഹി പൊലീസിനും നോട്ടീസ് അയച്ചിട്ടുണ്ട്. പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെയുടേതാണ് നടപടി.
സോണിയ 1983 ഏപ്രിലിൽ ഇന്ത്യൻ പൗരത്വം നേടുന്നതിന് മുമ്പ് 1980ൽ ന്യൂഡൽഹി പാർലമെന്ററി നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുണ്ടെന്നാണ് ഹരജിയിൽ പറയുന്നത്. ഇക്കാര്യത്തിൽ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി സോണിയ ഗാന്ധിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്. സംഭവത്തിൽ കേസെടുക്കാൻ ഉത്തരവിടാൻ വിസമ്മതിച്ച മജിസ്റ്റീരിയൽ കോടതി ഉത്തരവിനെതിരെ ഹരജിക്കാരൻ ഡൽഹി റൗസ് അവന്യു കോടതിയെ സമീപിച്ചിരിക്കുകയായിരുന്നു.
അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വൈഭവ് ചൗരസ്യ സെപ്റ്റംബർ 11ന് ഈ ഹരജി തള്ളിയിരുന്നു. 1980 ലെ വോട്ടർ പട്ടികയുടെ സാക്ഷ്യപ്പെടുത്താത്ത ഒരു ഫോട്ടോകോപ്പി മാത്രമാണ് ഹരജിക്കാരൻ ഹാജരാക്കിയതെന്നും വെറും ആവശ്യമുന്നയിച്ച് വഞ്ചന, വ്യാജരേഖ ചമയ്ക്കൽ പോലെയുള്ള കുറ്റങ്ങൾ ചുമത്താനാകില്ലെന്നും വ്യക്തമാക്കിയാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് നേരത്തെ ഹരജി തള്ളിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.