കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും മുന്‍ പാനിഹട്ട് എം.എൽ.എ നിർമൽ ഘോഷിന്‍റെ മകനുമായ തീർഥങ്കർ ഘോഷിനെ വിവിധ ക്രിമിനൽ കേസുകളിൽ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി ദക്ഷിണേശ്വർ മേഖലയിൽ വച്ച് പശ്ചിമബംഗാൾ പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നെന്നാണ് വിവരം. 2021ലെ പശ്ചിമ ബംഗാൾ നിയമസതെരെഞ്ഞെടുപ്പിന് പിന്നാലെ നടന്ന അക്രമങ്ങളിൽ പങ്കുണ്ടെന്നും 2024ൽ ഹോട്ടൽ ഉടമയിൽ നിന്നും സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തുവെന്നുമാണ് കേസ്. അദ്ദേഹത്തെ ഇന്ന് കോടതിയിൽ ഹാജരാക്കി.
ഹോട്ടൽ ഉടമയായ സുശാന്ത സർക്കാരിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. `2024 നവംബർ 11 ന് സുശാന്ത സർക്കാർ തന്നെ നിർമ്മൽ ഘോഷിന്റെ വീട്ടിലേക്ക് കൊണ്ടുപോയി എന്നും അവിടെ വെച്ച് അവർ ഒരു ഡിയർ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തെന്നും അദ്ദേഹത്തിന്റെ മുൻ ഡ്രൈവർ പാർഥ സർക്കാർ ആരോപിച്ചു. ടിക്കറ്റിന് ഒരു കോടി രൂപ സമ്മാനം ലഭിച്ചതായി ഡ്രൈവർ അവകാശപ്പെട്ടു. പോലീസിൽ പരാതി നൽകിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു' പേര് വെളിപ്പെടുത്താത്ത പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഹൂഗ്ലി സ്വദേശിയായ പാർഥ സർക്കാർ ഒരാഴ്ച മുമ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
തീർഥങ്കറിനോടൊപ്പം അദ്ദേഹത്തിന്‍റെ മുന്‍ തൊഴിലാളി സുശാന്ത് സർക്കാറിനെതിരെയും നിർമൽ ഘോഷിനെതിരെയും പരാതി നൽകിയിട്ടുണ്ട്. `ലോട്ടറി കമ്പനിയിൽ നിന്ന് പണം ലഭിക്കാൻ എം.എൽ.എ സഹായിക്കുമെന്ന് പറഞ്ഞ് സുശാന്ത സർക്കാർ എന്നെ നിർമൽ ഘോഷിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഞങ്ങൾ ഘോഷിന്റെ വീട്ടിലെത്തിയപ്പോൾ അവർ എന്നെ ഭീഷണിപ്പെടുത്തി, തോക്ക് ചൂണ്ടി എന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ടിക്കറ്റ് പിടിച്ചുപറിച്ചു' പരാതിക്കാരന്‍ കൂട്ടി ചേർത്തു.
2021 ലെ തെരെഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാനിഹട്ടിലെ ബി.ജെ.പി പ്രവർത്തകന്‍ ജോയ് സാഹയുടെ വീടിന് നേരെ ബോംബാക്രമണം നടത്തിയെന്നാണ് കേസ്. ബോബേറിന് പുറമെ തന്നെ വ്യാജ കേസിൽ കുടുക്കി തീർഥങ്കർ അറസ്റ്റ് ചെയ്യിച്ചുവെന്നും സാഹ വ്യക്തമാക്കി. തിങ്കളാഴ്ച അഭിഭാഷകന്‍ മുഖേന കൊൽക്കത്ത ഹൈകോടതിയോട് നിർമൽ ഘോഷ് സംരക്ഷണം ആവശ‍്യപ്പെട്ടിരുന്നു. നിലവിൽ അദ്ദേഹം ഒളിവിലാണ്. 2024 ൽ കൊൽക്കത്തയിലെ ആർ ജി കാർ മെഡിക്കൽ കോളജിൽ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ നിർമൽ ഘോഷ് പ്രതി ചേർക്കപ്പെട്ടിട്ടുണ്ട്. മകളുടെ മരണത്തിന് പിന്നാലെ ഇരയുടെ അമ്മ രത്ന ദേബ്നാഥ് പാനിഹട്ടിൽ ബി.ജെ.പി ടിക്കറ്റിൽ നിന്നും തിർഥങ്കർ ഘോഷിനെതിരെ മത്സരിച്ച് വിജയിച്ചിരുന്നു. മകനെ പിടികൂടിയെങ്കിൽ അച്ഛനെയും അറസ്റ്റ് ചെയ്യണം. ആർക്കും കുറ്റത്തിൽ നിന്ന് ഒളിച്ചോടാന്‍ സാധിക്കില്ല. തെളിവുകൾ ഇല്ലാതാക്കാന്‍ എന്‍റെ മകളുടെ അന്ത‍്യ കർമ്മം നിർമൽ വേഗം നടത്തി എന്ന് രത്നാ ദേബ്നാഥ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.