ദലിത്​ ആക്​ടിവിസ്റ്റും നടനുമായ വീര സതീദാർ കോവിഡ്​ ബാധിച്ച്​ മരിച്ചു

നാഗ്​പൂർ: നടനും ദലിത്​ ആക്​ടിവിസ്റ്റുമായ വീര സതീദാർ കോവിഡ്​ ബാധിച്ച്​ മരിച്ചു. നാഗ്​പൂർ എയിംസ്​ ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. 62വയസായിരുന്നു. ദേശീയ പുരസ്​കാരം നേടിയ 'കോർട്ട്​' എന്ന ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിചാരണതടവുകാരുടെ കഥ പറഞ്ഞ ചിത്രമായിരുന്നു കോർട്ട്​.

ചിത്രത്തിൽ നാരായണന്‍ കാംബ്ലെ എന്ന വയോധികനായ വിപ്ലവ കവിയുടെ വേഷമായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്​.

ദലിത് മാസിക വിദ്രോഹിയുടെ സ്ഥാപക എഡിറ്ററുമായിരുന്ന സതീദാർ റാഡിക്കൽ അംബേദ്കറൈറ്റ് രാഷ്​ട്രീയ മൂല്യങ്ങൾ കാത്തുസൂക്ഷിച്ച സാംസ്കാരിക പ്രവർത്തകനും കൂടിയായിരുന്നു.

വൈദ്യുതി മോഷണം, നിരോധിത പുസ്തകത്തിന്‍റെ വിൽപന എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട് നാല് വർഷത്തോളം വിചാരണ തടവുകാരനായി കഷ്​ടപ്പെട്ട്​ ഒടുവിൽ സ്വതന്ത്രനാക്കപ്പെട്ട വ്യക്തിയാണ് വീര സതീദാർ. താൻ ഏർപ്പെടുന്ന വ്യവസ്ഥിതികളോടുള്ള കലഹം സിനിമയിലൂടെയും തുടരുകയായിരുന്നു അദ്ദേഹം.

തുടക്കകാലത്ത്​ കവിത എഴുതി തുടങ്ങിയ അദ്ദേഹം ദലിത് പാന്തേഴ്സുമായും അംബേദ്കറൈറ്റ് പ്രസ്ഥാനവുമായും ബന്ധപ്പെട്ടാണ്​ സാമൂഹിക പ്രവർത്തനത്തിന്​ തുടക്കമിട്ടത്​. കവി, എഴുത്തുകാരൻ, ഗായകൻ, ഗാനരചയിതാവ്, നടൻ എന്നീ നിലകളിലും അറിയപ്പെട്ടു.

ഒന്ന്​ രണ്ട്​ മറാത്തി ചിത്രങ്ങളിൽ കൂടി വേഷമി​ട്ടെങ്കിലും കോർട്ടാണ്​ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്​. ചിത്രം 2016ലെ ഇന്ത്യയുടെ ഓസ്​കാർ എൻട്രി കൂടിയായിരുന്നു.

Tags:    
News Summary - ‘Court’ actor and dalit activist Vira Sathidar passes away, due to COVID-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.