ന്യൂഡൽഹി: മൂന്നുമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ വെള്ളച്ചാട്ടത്തിന് സമീപം കുടുങ്ങിയ പ്രതിശ്രുത വധൂവരൻമാരെ രക്ഷെപ്പടുത്തി. ഇവർക്കൊപ്പം മറ്റു രണ്ടുപേരും പാറയിൽ കുടുങ്ങിയിരുന്നു. രാജസ്ഥാനിലാണ് സംഭവം.
ചിത്തോർഗഡിലെ ചുലിയ വെള്ളച്ചാട്ടത്തിന് സമീപമായിരുന്നു േഫാട്ടോഷൂട്ട്. ഫോട്ടോഷൂട്ട് തുടങ്ങി നിമിഷങ്ങൾക്കകം അധികാരികൾ ജലനിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പ് നൽകുകയായിരുന്നു. മുന്നറിയിപ്പിനെ തുടർന്ന് ഫോട്ടോഗ്രാഫർ പാറയുടെ മുകളിൽനിന്ന് മാറിയെങ്കിലും അദ്ദേഹത്തിന്റെ കാമറ വെള്ളത്തിൽ നഷ്ടമായി.
ചൊവ്വാഴ്ച രാവിലെയാണ് റാണ പ്രതാപ് സാഗർ ഡാമിന്‍റെ ഷട്ടറുകൾ തുറന്നതെന്ന് എസ്.എച്ച്.ഒ രാജാറാം ഗുർജാർ പറഞ്ഞു. അതിന്‍റെ ഫലമായി ചുലിയ വെള്ളച്ചാട്ടത്തിൽ വെള്ളം ഉയർന്നു. അതേസമയം 29കാരനായ ആശിഷ് ഗുപ്തയും 27കാരിയായ ശിഖയും പ്രീ വെഡ്ഡിങ് ഷൂട്ടിനായി പാറയുടെ മുകളിലായിരുന്നു. സുഹൃത്തുക്കളായ ഹിമാൻഷുവും മിലാനും ഇവർക്കൊപ്പമുണ്ടായിരുന്നു. നിമിഷങ്ങൾക്കകം ഇവർ നിന്നിരുന്ന പാറയുടെ സമീപം വെള്ളം ഉയരുകയായിരുന്നു.
ഇവർക്ക് പാറയിൽനിന്ന് കരയിലേക്ക് വരാൻ സാധിച്ചില്ല. തുടർന്ന് പൊലീസും സുരക്ഷ സേനയും മൂന്നുമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനുശേഷം ഇവരെ കരക്കെത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.