ന്യൂഡൽഹി: രാജ്യത്ത് പലയിടങ്ങളിലും കോവിഡ് സമൂഹ വ്യാപനം നടന്നുകഴിഞ്ഞെന്ന് ആരോഗ്യ വിദഗ്ധർ. സമൂഹ വ്യാപനമുണ്ടായിട്ടില്ലെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നതിനിടെയാണ് മറിച്ചുള്ള വിലയിരുത്തലുമായി ആരോഗ്യ വിദഗ്ധർ രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യൻ പബ്ലിക് ഹെൽത്ത് അസോസിയേഷൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവൻറീവ് ആൻഡ് സോഷ്യൽ മെഡിസിൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് എപ്പിഡമോളജിസ്റ്റ് എന്നീ സംഘടനകളുടെ സംയുക്ത പ്രസ്താവനയിലാണ് സമൂഹ വ്യാപനം നടന്നതായി പറയുന്നത്.
രാജ്യത്ത് കോവിഡ് പടർന്നു പിടിച്ചതിൽ കേന്ദ്ര സർക്കാറിനെ അവർ കടന്നാക്രമിച്ചു. വിവിധ തരം പകർച്ച വ്യാധികളെ കൈകാര്യം ചെയ്തതിെൻറ ദീർഘകാല അനുഭവ പരിജ്ഞാനമുള്ളവരുടെ അഭിപ്രായം തേടാതെ സ്വീകരിച്ച തീരുമാനങ്ങൾ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
പകർച്ചവ്യാധി നേരിട്ട് കൈകാര്യം ചെയ്യാത്തവരാണ് സർക്കാറിന് ഉപദേശം നൽകിയത്. മുന്നൊരുക്കമില്ലാതെയുള്ള സമ്പൂർണ അടച്ചുപൂട്ടൽ തിരിച്ചടിയായെന്നും പ്രസ്താവനയിൽ പറയുന്നു. ലോക്ഡൗണിൽ അന്തർ സംസ്ഥാന തൊഴിലാളികളുൾപ്പെടെയുള്ളവർ വിവിധ ഇടങ്ങളിൽ കുടുങ്ങി. ഭക്ഷണവും വെള്ളവുംകിട്ടാതെ കാൽനടയായി നാട്ടിലേക്ക് പോയവരിൽ പലരും അപകടങ്ങളിലും മറ്റും മരണപ്പെട്ടു. പലരും മാനസിക സമ്മർദ്ദത്തിലേക്കെത്തിയതായും വിദഗ്ധർ വിലയിരുത്തി.
മുംബൈ, ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് ആളുകളെ എത്തിക്കാൻ കേന്ദ്ര സർക്കാർ തയാറായത് രണ്ടാം ഘട്ട ലോക്ഡൗണിന് ശേഷമാണ്. അപ്പോഴേക്കും കൂടുതൽ പേരിലേക്ക് രോഗം പടരാൻ തുടങ്ങിയിരുന്നു. ഇതോടെ രോഗബാധിതർ വിവിധ സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുന്ന സാഹചര്യമുണ്ടാക്കി. ഇത് പല സംസ്ഥാനങ്ങളിലേക്കും ഗ്രാമീണ മേഖലകളിലേക്കും രോഗവ്യാപനമുണ്ടാക്കിയെന്നും വിദഗ്ധർ വിലയിരുത്തി.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.