വോട്ടർ പട്ടിക; സംശയത്തിൽ നിന്ന് തെളിവുകളിലേക്ക്

ഭരണവിരുദ്ധ വികാരമെന്നത് തെര​ഞ്ഞെടുപ്പുകളിൽ ജനാധിപത്യത്തിൽ എല്ലാ പാർട്ടികളെയും ബാധിക്കുന്ന ഒന്നാണ്. എന്നാൽ, ഓരോ തെഞ്ഞെടുപ്പ് കഴിയുന്തോറും ബി.ജെ.പിക്ക് മാത്രം ഭരണവിരുദ്ധ വികാരം ഏശാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന സംശയം ദശലക്ഷക്കണക്കിന് ഇന്ത്യൻ വോട്ടർമാർക്ക് എന്ന പോലെ തനിക്കുമുണ്ടായിരുന്നെന്ന് രാഹുൽ പറഞ്ഞു.

മായാജാലം പോലെ ഭരണവിരുദ്ധ വികാരത്തെ മറികടന്നും അഭി​പ്രായ വോട്ടെടുപ്പുകൾക്ക് നേർവിപരീതമായും ബി.ജെ.പി ജയിച്ചുകൊണ്ടിരുന്നപ്പോൾ മാധ്യമങ്ങൾ ‘ലാഡ്‍ലി ബഹൻ’ തൊട്ട് പുൽവാമ വരെ അതിനു ചില കാരണങ്ങളും നിരത്തി.

കോറിയോഗ്രഫി പോലെ കമീഷന്റെ ഷെഡ്യൂളുകൾ

മറ്റൊന്ന് കമീഷ​ൻ കോറിയോഗ്രഫി പോലൊരുക്കുന്ന തെരഞ്ഞെടുപ്പ് ഷെഡ്യൂളുകളാണ്. ബാലറ്റ് പേപ്പറിന്റെ കാലത്ത് ഒരു ദിവസംകൊണ്ട് നടത്തിയിരുന്ന തെരഞ്ഞെടുപ്പുകൾ മാസങ്ങൾ നീളുന്ന തരത്തിൽ സംവിധാനിക്കുന്നതും സംശയമേറ്റി.  മഹാരാഷ്​ട്ര നിയമസഭാ തെര​ഞ്ഞെടുപ്പിന് മുമ്പ് ഇത്തരമൊരു സംശയത്തിനുള്ള കാരണം എ​ന്താണെന്ന് ആലോചിക്കാൻ പോലും തങ്ങൾ അശക്തരായിരുന്നു. എന്നാൽ, ഹരിയാനയിലും മഹാരാഷ്ട്രയിലും എല്ലാം കൺമുന്നിൽ കണ്ടു.

മഹാരാഷ്​ട്രയിൽ അഞ്ച് കൊല്ലത്തേക്കാൾ കൂടുതൽ വോട്ടർമാർരെ അഞ്ചുമാസംകൊണ്ട് ചേർത്തു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര തൂത്തുവാരിയ ഇൻഡ്യ സഖ്യം മാസങ്ങൾക്കുള്ളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അങ്ങനെ ഒലിച്ചുപോയി. ലോക്സഭ, നിയമസഭ തെര​ഞ്ഞെടുപ്പുകൾക്കിടയിൽ ഒരു കോടി വോട്ടർമാരാണ് പുതുതായി വന്നത്.

സി.സി ടി.വി ഫൂട്ടേജുകൾ നശിപ്പിക്കുന്ന കമീഷൻ

വൈകീട്ട് അഞ്ചരക്കുശേഷം തിരക്കില്ലാതിരുന്ന പോളിങ് ബുത്തുകളിലും രേഖപ്പെടുത്തിയ വോട്ടുകളിലുണ്ടായ അഭൂതപൂർവമായ വർധനയായിരുന്നു മറ്റൊന്ന്. ആ ബൂത്തുകളിലൊന്നും വൈകീട്ട് നീണ്ട ക്യൂ ഇല്ലായിരുന്നെന്ന് കോൺഗ്രസിന്റെ സഖ്യകക്ഷികളും സ്ഥിരീകരിച്ചു.

ഈ വോട്ടർമാർ ആരെന്നറിയാനാണ് അത്തരം ബൂത്തുകളിൽ വൈകീട്ട് അഞ്ചിനുശേഷം നടന്ന വോട്ടെടുപ്പിന്റെ സി.സി ടി.വി ഫൂട്ടേജ് ചോദിച്ചത്. എന്നാൽ, 45 ദിവസത്തിനകം അവ നശിപ്പിച്ചുകളയണമെന്ന വിചിത്ര നിർദേ​ശമാണ് കമീഷൻ നൽകിയത്. തെളിവ് നശിപ്പിക്കാനാണ് അങ്ങനെ ചെയ്തതെന്ന് രാഹുൽ കുറ്റപ്പെടുത്തി.

വോട്ടർപട്ടിക രാജ്യസ്വത്ത്; പരിശോധനക്ക് വിട്ടുതരണം

വോട്ടർപട്ടിക എന്നത് രാജ്യത്തിന്റെ സ്വത്താണ്. അതു ചോദിക്കുമ്പോൾ തരാൻ കമീഷൻ തയാറാകുന്നേയില്ല. കമ്പ്യൂട്ടറിന് വായിക്കാവുന്ന മഹാരാഷ്ട്രയിലെ വോട്ടർപട്ടികയുടെ പകർപ്പാണ് ഞങ്ങൾ ചോദിച്ചത്. കാരണം ഓരോ വോട്ടറുടെയും ​ഡേറ്റ മൊത്തം പട്ടികയുമായി തട്ടിച്ചുനോക്കണമെങ്കിൽ മെഷീൻ റീഡബിൾ ഡിജിറ്റൽ വോട്ടർ ലിസ്റ്റ് വേണം.

ഒരു നിയമസഭാ മണ്ഡലത്തിലെ വോട്ടർപട്ടികകളിൽനിന്ന് ഓരോ വോട്ടറുടെ പേരും മറ്റു പേരുകളുമായി തട്ടിച്ചുനോക്കാൻ ആറുമാസം സമയമാണെടുത്തത്. മെഷീൻ റീഡബിൾ ഡിജിറ്റൽ വോട്ടർ ലിസ്റ്റ് കിട്ടിയിരുന്നെങ്കിൽ ഈ പരിശോധനക്ക് കേവലം 30 സെക്കൻഡ് മതി. അതിൽ ക്രിമിനൽ തട്ടിപ്പ് നടത്തിയതുകൊണ്ടാണ് അതു വിട്ടുതരാനും കമീഷൻ തയാറാകാത്തതെന്ന് രാഹുൽ ആരോപിച്ചു.

Tags:    
News Summary - Controversy on voter list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.