പ്രതിപക്ഷ എതിർപ്പ് ശബ്ദ വോട്ടിനിട്ട് തള്ളി: ലോക്സഭ കടന്ന് വിവാദ ക്രിമിനൽ നടപടി ബിൽ

ന്യൂഡൽഹി: അറസ്റ്റിലാകുന്നവരുടെ ശരീര, ജൈവ സാമ്പിളുകൾ ശേഖരിക്കാൻ പൊലീസ് കോൺസ്റ്റബിളിനുവരെ അനുമതി നൽകുന്ന വിവാദ ക്രിമിനൽ നടപടി ബിൽ പ്രതിപക്ഷ എതിർപ്പും ഭേദഗതി നിർദേശവും തള്ളി കേന്ദ്ര സർക്കാർ ലോക്സഭയിൽ പാസാക്കി. വിവാദങ്ങളിൽ ഭയമില്ലെന്നും രാജ്യത്തിന്‍റെ ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തുന്ന നടപടികളുമായി മുന്നോട്ടുപോകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പ്രസംഗം നടത്തി. പിന്നാലെ, സ്പീക്കർ ഓം ബിർല ക്രിമിനൽ നടപടി (തിരിച്ചറിയൽ) ബിൽ ശബ്ദവോട്ടിനിട്ട് പാസാക്കുകയും ചെയ്തു. ഒരു നൂറ്റാണ്ട് മുമ്പ് ബ്രിട്ടീഷുകാരുണ്ടാക്കിയ നിയമത്തേക്കാൾ കടുത്തതെന്ന് വിമർശനമുയർന്ന ബിൽ രാജ്യസഭയുടെകൂടി അംഗീകാരവും രാഷ്ട്രപതിയുടെ മേലൊപ്പും നേടുന്നതോടെ നിയമമാകും. പൊലീസ് കരുതൽ തടങ്കലിലാക്കുന്നവരോ, ഏഴു വർഷം വരെ തടവ് ശിക്ഷയുള്ള കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റിലായവരോ, ഏതെങ്കിലുമൊരു കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ടവരോ ആയ ഏതൊരാളുടെയും ഡി.എൻ.എ അടക്കമുള്ള ശരീര, ജൈവ സാമ്പിളുകൾ ശേഖരിക്കാൻ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളിന് അനുമതി നൽകുന്നതാണ് നിയമം.

ബ്രിട്ടീഷ് കോളനികാലത്ത് ഇന്ത്യക്കാരെ നിരീക്ഷിക്കാൻ 1920ൽ ഉണ്ടാക്കിയ 'തടവുകാരെ തിരിച്ചറിയൽ നിയമം' ജനാധിപത്യ ഇന്ത്യയിൽ കൂടുതൽ കടുപ്പിച്ച് പരിഷ്കരിക്കുന്നതിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആശങ്കകൾ അമിത് ഷാ മറുപടി പ്രസംഗത്തിൽ തള്ളി. സർക്കാറിനെ നിർണായക ഘട്ടങ്ങളിൽ സഹായിക്കാറുള്ള ബിജു ജനതാദൾ ഉന്നയിച്ച ഭേദഗതിയും സ്വീകരിച്ചില്ല. ജൈവ സാമ്പിളുകൾ എടുക്കാൻ സബ് ഇൻസ്പെക്ടറെയോ ജയിൽ സൂപ്രണ്ടിനെയോ ചുമതലപ്പെടുത്തണമെന്നായിരുന്നു ആർ.എസ്.പി നേതാവ് പ്രേമചന്ദ്രൻ മുന്നോട്ടുവെച്ച പ്രധാന ഭേദഗതി. അനുവാദം നൽകാനുള്ള അധികാരം മജിസ്ട്രേറ്റിന് നൽകണമെന്ന് ബിജു ജനതാദളിലെ ഭർതൃഹരി മെഹ്താബും ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതും തള്ളി. ഇങ്ങനെ ശേഖരിക്കുന്ന സാമ്പിളുകൾ ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയില്ലാതെ കൈമാറരുത്, 'ഒരു കുറ്റ കൃത്യം' എന്നത് 'ഹീനമായ കുറ്റകൃത്യം' എന്നാക്കണം, സാമ്പിളുകൾ ശേഖരിക്കാനും സൂക്ഷിക്കാനും 'അനുയോജ്യമായ ഏജൻസി' എന്നത് 'മജിസ്ട്രേറ്റ് നിർദേശിക്കുന്ന ഏജൻസി' എന്നാക്കണം തുടങ്ങിയ നിർദേശങ്ങളും സർക്കാർ തള്ളി. അതേസമയം, ചട്ടത്തിന് അനുസൃതമായി വ്യാഖ്യാനിക്കാൻ കഴിഞ്ഞില്ലെങ്കിൽ പുതിയ നിയമത്തിലും ഭേദഗതി കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി മറുപടി നൽകി. തുടർന്ന്, ഈ പ്രത്യേക വിഷയത്തിൽ അവതരിപ്പിച്ച ഭേദഗതികൾ എൻ.കെ. പ്രേമചന്ദ്രനും ഭർതൃഹരി മെഹ്താബും പിൻവലിച്ചു.

Tags:    
News Summary - Controversial criminal action bill passed in Lok Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.