'അഴിമതിക്കാർക്കാണ് സ്ഥാനമെങ്കിൽ വിജയ് മല്യയെയും മെഹുൽ ചോക്സിയെയും കൂടെ പരിഗണിക്കൂ' - മഹാരാഷ്ട്ര സർക്കാരിനോട് സാമ്ന

മുംബൈ: മഹാരാഷ്ട്രയിൽ എൻ.സി.പി നേതാവ് അജിത് പവാറിന്‍റെ നേതൃത്വത്തിൽ നടന്ന രാഷ്ട്രീയ കൂറുമാറ്റത്തെ രൂക്ഷമായി വിമർശിച്ച് ശിവസേന താക്കറെ വിഭാഗം മുഖപത്രമായ സാമ്ന. ബി.ജെ.പിയും മഹാരാഷ്ട്ര സർക്കാരും അഴിമതിയിലും കൊള്ളയിലും കേന്ദ്രീകൃതമാണ്. അഴിമതിക്കാരെ നിയമിക്കുന്നതാണ് സർക്കാരിന്‍റെ രീതിയെങ്കിൽ ഒളിവിൽ കഴിയുന്ന മെഹുൽ ചോക്സി, നീരവ് മോദി, വിജയ് മല്യ തുടങ്ങിയവർക്ക് കൂടി സഖ്യം സീറ്റ് നൽകണമെന്നും സാമ്ന പറയുന്നു.

"നിലവിൽ മെഹുൽ ചോക്സി, നീരവ് മോദി, വിജയ് മല്യ തുടങ്ങിയവർക്ക് മാത്രമാണ് പാർട്ടിയിൽ സ്ഥാനമാനങ്ങൾ ലഭിക്കാത്തത്. ഇതിൽ ഒരാളെ പാർട്ടിയുടെ ദേശീയ ട്രഷററായും, മറ്റൊരാളെ നീതി ആയോഗിലും അടുത്തയാളെ റിസർവ് ബാങ്കിന്‍റെ ഗവർണറായും നിയമിക്കാം. അഴിമതിയും കൊള്ളയുമൊന്നും ഇവരെ സംബന്ധിച്ച് പ്രശ്നമല്ലല്ലോ" - സാമ്നയുടെ മുഖപ്രസംഗം പറയുന്നു.

അജിത് പവാറും ദേവേന്ദ്ര ഫഡ്നാവിസും ചേർന്ന് ഉപമുഖ്യമന്ത്രി ചുമതല വഹിക്കുമെന്നത് മുഖ്യമന്ത്രിയായ ഏക്നാഥ് ഷിൻഡെക്ക് അറിയില്ലായിരുന്നുവെന്നും സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ അവസ്ഥ അത്രയും പരിതാപകരമാണെന്നും സാമ്ന ചൂണ്ടിക്കാട്ടുന്നു.

മഹാരാഷ്ട്രയിൽ എൻ.സി.പി നേതാവായിരുന്ന അജിത് പവാർ ഒമ്പത് എം.എൽ.എമാരോടൊപ്പം ശിവസേന-ബി.ജെ.പി സഖ്യസർക്കാരിന്‍റെ ഭാഗമായതിന് പിന്നാലെയാണ് സർക്കാരിനെ വിമർശിച്ചുള്ള സാമ്നയുടെ മുഖപ്രസംഗം. അജിത് പവാറിനൊപ്പം സഖ്യസർക്കാരിന്‍റെ ഭാഗമായ ഒമ്പത് എം.എൽ.എമാരിൽ നാല് പേർ കള്ളപ്പണക്കേസിൽ ഇ.ഡി അന്വേഷണം നേരിടുന്നവരാണ്.

അതേസമയം എൻ.സി.പിയുടെ ഇരുപക്ഷങ്ങളും ബുധനാഴ്ച മുബൈയിൽ പ്രത്യേക യോഗം ചേരും. യഥാർത്ഥ എൻ.സി.പി ഏത് വിഭാഗമാണ് പ്രതിനിധീകരിക്കുന്നത് എന്ന് തനിക്ക് കണ്ടെത്താനായിട്ടില്ലെന്ന് സംസ്ഥാന നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കർ പറഞ്ഞിരുന്നു. എൻ.സി.പി ശിവസേന-ബി.ജെ.പി സഖ്യസർക്കാരിന്‍റെ ഭാഗമാണോ അതോ ഇപ്പോഴും പ്രതിപക്ഷത്താണോ എന്ന് വ്യക്തമല്ല. എൻ.സി.പിയുടെ യഥാർത്ഥ നേതാവ് ആരാണെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

എൻ.സി.പിയിൽ നിന്നും കൂറുമാറ്റത്തിന് പിന്നാലെ അജിത് പവാർ ജൂലൈ രണ്ടിന് സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നു.

Tags:    
News Summary - Consider Vijay mallya and Mehul Choksi if posts are for the corrupt, says Saamna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.