ഗുജറാത്തിലെ 182 അംഗ നിയമസഭയിൽ ഒരേഒരു മുസ്‍ലിം സാമാജികൻ മാത്രം

അഹമ്മദാബാദ് : ഗുജറാത്ത് തൂത്തുവാരി എക്കാലത്തെയും ഉയർന്ന വിജയം നേടിയ ബി.ജെ.പിയുടെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോൾ 182 അംഗ നിയമസഭയിൽ ഒരേയൊരു മുസ്‍ലിം സാമാജികൻ മാത്രം. കോൺഗ്രസ് എം.എൽ.എ ഇംറാൻ ഖെദവാലയാണ് ഗുജറാത്ത് നിയമസഭയിലേക്ക് ജയിച്ചു കയറിയ ഏക മുസ്‍ലിം എം.എൽ.എ.

കഴിഞ്ഞ നിയമസഭയിൽ മൂന്ന് മുസ്‍ലിം എം.എൽ.എമാർ ഉണ്ടായിരുന്നു. എല്ലാവരും കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചവരായിരുന്നു.

അഹമ്മദാബാദിലെ ജമാൽപുർ-ഖാദിയ നിയമസഭാ മണ്ഡലത്തിലെ സിറ്റിങ് എം.എൽ.എയാണ് ഇംറാൻ ഖെദവാല. മുസ്‍ലിം ഭൂരിപക്ഷ മണ്ഡലത്തിൽ എതിരാളിയായ ബി.ജെ.പി സ്ഥാനാർഥി ഭൂഷൺ ഭട്ടിനെ 13,658 വോട്ടുകൾക്ക് തോൽപ്പിച്ചാണ് ഇംറാൻ സീറ്റ് നിലനിർത്തിയത്. എ.ഐ.എം.ഐ.എം സംസ്ഥാന പ്രസിഡന്റും മുൻ എം.എൽ.എയുമായിരുന്ന സബിർ കബ്ലിവാലയും മണ്ഡലത്തിൽ മത്സരത്തിനുണ്ടായിരുന്നു.

കോൺഗ്രസ് മൂന്ന് എം.എൽ.എമാരുൾപ്പെടെ ആറ് മുസ്‍ലിം സ്ഥാനാർഥികളെയാണ് മത്സരിപ്പിച്ചത്. അതിൽ രണ്ട് എം.എൽ.എമാരുൾപ്പെടെ അഞ്ചുപേരും തോറ്റു. കഴിഞ്ഞ തവണ മത്സരിപ്പിച്ച അഞ്ച് മുസ്ലിം സ്ഥാനാർഥികളിൽ മൂന്നു സ്ഥാനാർഥികൾ വിജയിച്ചിരുന്നു. ഗുജറാത്ത് ജനതയുടെ 10 ശതമാനമാണ് മുസ്ലിംകൾ.

കോൺഗ്രസ് സ്ഥാനാർഥിയും സിറ്റിങ് എം.എൽ.എയുമായ ഗ്യാസുദ്ദീൻ ശൈഖിനെ ദരിയപൂരിയയിൽ ബി.ജെ.പി സ്ഥാനാർഥി കൗശിക് ജെയിനാണ് തോൽപ്പിച്ചത്. മോർബിയിലെ വങ്കാനെറിൽ മത്സരിച്ച പ്രതിപക്ഷ സ്ഥാനാർഥി ജാവേദ് പിർസാദയെയും ബി.ജെ.പി തോൽപ്പിച്ചു. 53,110 വോട്ടുകളാണ് ഈ മണ്ഡലത്തിൽ ആംആദ്മി പാർട്ടി നേടിയത്. ഇത് കോൺഗ്രസ് സ്ഥാനാർഥിയുടെ പരാജയത്തിന് കാരണമായി.

കച്ചിലെ അബ്ദസയിൽ ജാദ് മാമദ് ജങ് 9000 വോട്ടുകൾക്കാണ് മുൻ കോൺഗ്രസ് എം.എൽ.എയായിരുന്ന ബി.ജെ.പി സ്ഥാനാർഥി പ്രദ്യുമ്നൻ സിൻഹ് ജഡേജയോട് പരാജയപ്പെട്ടത്.

ജമാൽപുർ -ഖാദിയ, ദരിയപുർ, ജംബുസർ എന്നിവിടങ്ങളിൽ ആം ആദ്മി പാർട്ടിയും മുസ്‍ലിം സ്ഥാനാർഥികളെ മത്സരിപ്പിച്ചെങ്കിലും ആരും വിജയിച്ചി​ല്ല.

ബി.ജെ.പി ഒരു മുസ്‍ലിം സ്ഥാനാർഥിയെ പോലും നിർത്തിയിരുന്നില്ല. എ.ഐ.എം.ഐ.എം നിർത്തിയ 12 സ്ഥാനാർഥികളും തോറ്റു.

Tags:    
News Summary - Congress's Imran Khedawala Only Muslim MLA In 182-Member Gujarat Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.