ഭീഷണിയെ തുടർന്നാണ് സ്ഥാനാർഥി നാമനിർദേശ പത്രിക പിൻവലിച്ചതെന്ന് മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ

ന്യൂഡൽഹി: ഭീഷണിയെ തുടർന്നാണ് കോൺഗ്രസ് സ്ഥാനാർഥി അക്ഷയ് ബാം നാമനിർദേശ പത്രിക പിൻവലിച്ചതെന്ന് പാർട്ടി മധ്യപ്രദേശ് അധ്യക്ഷൻ ജിത്തു പട്വാരി. സ്ഥാനാർഥിയെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തു. ബി.ജെ.പിയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

മൂന്ന് ദിവസങ്ങൾക്ക് മുമ്പ് ബാമിനെതിരായ പഴയ കേസിൽ ഐ.പി.സി 307(കൊലപാതക ശ്രമം) വകുപ്പ് കൂടി കൂട്ടിച്ചേർത്തു. വിവിധ രീതിയിൽ ബാം പീഡിപ്പിക്കപ്പെട്ടു. ഇതിനെ തുടർന്നാണ് കോൺഗ്രസ് സ്ഥാനാർഥി നാമനിർദേശ പത്രിക പിൻവലിച്ചതെന്നും പാർട്ടി അധ്യക്ഷൻ കൂട്ടിച്ചേർത്തു.

2007ലെ കേസിൽ അക്ഷയ് ബാമിന് പുറമേ പിതാവും പ്രതിയാണ്. ഈ വർഷം ഏപ്രിൽ അഞ്ചിന് കേസിൽ കൊലപാതകശ്രമം കൂടി കൂട്ടിച്ചേർക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹരജി നൽകി. പ്രതികളിലൊരാൾ തനിക്ക് നേരെ വെടിവെച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ഏപ്രിൽ 24ന് കോടതി ഹരജി അംഗീകരിച്ചു. തുടർന്ന് അക്ഷയ് ബാമിനോടും പിതാവിനോടും മെയ് 10ന് സെഷൻസ് കോടതിയിൽ ഹാജരാകാനും നിർദേശിച്ചു.

എന്ത് സന്ദേശമാണ് ഇതെല്ലാം നൽകുന്നത്. ഇൻഡോറിലെ ജനങ്ങൾക്ക് വോട്ട് ചെയ്യാനുള്ള അവകാശമില്ലേ ​?. നിങ്ങൾ ജനാധിപത്യത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ ഈ ഏകാധിപത്യത്തിനെതിരെ പ്രതികരിക്കണം. ഇത് കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള പ്രശ്നം മാത്രമല്ല. വോട്ട് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരും സംവരണവും ഭരണഘടനയും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരും ഇതിനെതിരെ പ്രതികരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യവും ഭരണഘടനയും അപകടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ സൂറത്തിൽ ബി.ജെ.പി സ്ഥാനാർഥി മുകേഷ് ദലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോൺഗ്രസ് സ്ഥാനാർഥി നിലേഷ് കുഭാനിയുടെ പത്രിക തള്ളിയതിനെ തുടർന്നായിരുന്നു ഇത്. സ്ഥാനാർഥിയായ കുഭാനിയെ പിന്താങ്ങിയവരുടെ ഒപ്പ് സംബന്ധിച്ച പ്രശ്നമാണ് നാമനിർദേശ പത്രിക തള്ളുന്നതിലേക്ക് നയിച്ചത്.

Tags:    
News Summary - Congress’s candidate withdrew nomination after ‘threats & torture’, claims Patwari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.