ഡി.കെ. ശിവകുമാർ

‘ജന്മനാ കോൺഗ്രസുകാരൻ’; ബി.ജെ.പിയുമായി അടുക്കുന്നുവെന്ന അഭ്യൂഹം തള്ളി ഡി.കെ. ശിവകുമാർ

ബംഗളൂരു: പാർട്ടിയിൽനിന്ന് അകന്ന് ബി.ജെ.പിയുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി കർണാടക ഉപമുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ രംഗത്ത്. ജന്മനാ താനൊരു കോൺഗ്രസുകാരനാണെന്നും ഹിന്ദു എന്ന നിലയിലാണ് തന്‍റെ നിലപാടുകളെന്നും ശിവകുമാർ വ്യക്തമാക്കി. ഇഷ ഫൗണ്ടേഷന്‍റെ പരിപാടിയിൽ കേന്ദ്രമന്ത്രി അമിത് ഷാക്കൊപ്പം പങ്കെടുക്കുന്നത് സദ്ഗുരു ജഗ്ഗി വാസുദേവ് വ്യക്തിപരമായി ക്ഷണിച്ചതുകൊണ്ടാണെന്ന് വ്യക്തമാക്കിയ ഡി.കെ, കുംഭമേളയിൽ പങ്കെടുത്തത് തന്‍റെ വ്യക്തിപരമായ കാര്യമാണെന്നും പറഞ്ഞു.

“ശിവകുമാർ ബി.ജെ.പിയുമായി അടുക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ റിപ്പോർട്ടു വന്നതിന്‍റെ പശ്ചാത്തലത്തിൽ എന്‍റെ സുഹൃത്തുക്കൾക്ക് അത് അന്വേഷിച്ചുകൊണ്ട് ഫോൺ കോളുകൾ വന്നിരുന്നു. എന്നാൽ ഒരു കാര്യം ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്. ജന്മനാ ഞാനൊരു കോൺഗ്രസുകാരനാണ്, ഹിന്ദു എന്ന നിലയിലാണ് എന്‍റെ നിലപാടുകൾ, സമൂഹത്തിലെ എല്ലാ സംസ്കാരങ്ങളിലും വിശ്വസിക്കുന്ന ആളാണ് ഞാൻ. എന്‍റെ വ്യക്തിപരമായ വിശ്വാസത്തിനൊപ്പം കോൺഗ്രസിന്‍റെ ആശയധാരയാണ് എല്ലാവരെയും ഒന്നിച്ചു നിർത്തുന്നത്.

ആളുകൾ പല കഥകളും മെനയും. ഇഷ ഫൗണ്ടേഷൻ സ്ഥാപകനായ സദ്ഗുരു എന്‍റെ വീട്ടിലെത്തി ശിവരാത്രി ആഘോഷത്തിനായി ക്ഷണിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ സ്വദേശം മൈസൂരാണ്. അദ്ദേഹത്തിന്‍റെ ജ്ഞാനത്തെ ഞാൻ അംഗീകരിക്കുന്നു. എന്നാൽ ഞാൻ ബി.ജെ.പിയുമായി അടുക്കുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച വന്നത്. ശിവരാത്രി പരിപാടിയിൽ പങ്കെടുക്കുന്ന അമിത് ഷായെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഇത്തരം പരിപാടികളിൽ നെഹ്റുവും ഇന്ദിര ഗാന്ധിയും ഉൾപ്പെടെ പങ്കെടുത്തിട്ടുണ്ട്. ഉദാഗി ഉത്സവത്തിന് സോണിയ ഗാന്ധി പങ്കെടുത്തിട്ടുണ്ട്. വലിയ ചരിത്രമുള്ള മഹത്തായ പാർട്ടിയാണ് കോൺഗ്രസ്” -ഡി.കെ. ശിവകുമാർ പറഞ്ഞു.

അതേസമയം കുംഭമേളയെ കുറിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞ കാര്യങ്ങൾ ശിവകുമാർ തള്ളിക്കളഞ്ഞു. എല്ലാ മതങ്ങളെയും ബഹുമാനിക്കാൻ തയാറാകണമെന്നും മഹാ കുംഭമേളയിലെ തന്‍റെ അനുഭവം മികച്ചതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - "Congressman By Birth": DK Shivakumar On Reports Of 'Closeness' With BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.