ന്യൂഡൽഹി: രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പ് എന്ന സമ്പ്രദായം കൊണ്ടുവരുന്നതിനെക്കുറിച്ച് പഠിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ സർക്കാർ രൂപവത്കരിച്ച സമിതി പിരിച്ചുവിടണമെന്ന് കോൺഗ്രസ്.
ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിനും ഫെഡറൽ തത്ത്വങ്ങൾക്കും വിരുദ്ധമാണ്. ഇത്തരമൊരു ആശയത്തിനുവേണ്ടി മുൻ രാഷ്ട്രപതിയുടെ പദവിയുള്ള ഒരാൾ നിന്നുകൊടുക്കരുതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.
പാർലമെന്ററി ജനാധിപത്യത്തെയും ഭരണഘടനയെയും അവമതിക്കാൻ മുൻ രാഷ്ട്രപതിയെത്തന്നെ ദുരുപയോഗിക്കുകയാണ് സർക്കാർ. ഒറ്റ തെരഞ്ഞെടുപ്പിനെക്കുറിച്ച് പാർട്ടികളുടെ അഭിപ്രായം തേടിയ പശ്ചാത്തലത്തിൽ സമിതിക്ക് അയച്ച കത്തിലാണ് ഖാർഗെ ഇക്കാര്യം പറഞ്ഞത്. ഊർജസ്വല ജനാധിപത്യം നിലനിൽക്കാൻ പുതിയ ആശയം ഉപേക്ഷിക്കണം. ജനവിധി മാനിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ സർക്കാറും പാർലമെന്റും തെരഞ്ഞെടുപ്പ് കമീഷനും യോജിച്ചു പ്രവർത്തിക്കുകയാണ് വേണ്ടത്.
അല്ലാതെ, ജനാധിപത്യവിരുദ്ധമായ ആശയങ്ങൾ എടുത്തിട്ട് ജനശ്രദ്ധ തിരിക്കുകയല്ല. പഠനസമിതിയിൽ പ്രതിപക്ഷത്തിന് മതിയായ പ്രാതിനിധ്യം നൽകിയിട്ടില്ല. മുൻ രാഷ്ട്രപതിതന്നെ കമ്മിറ്റി അധ്യക്ഷനായതോടെ, ശിപാർശ എന്താകണമെന്ന് സർക്കാർ മുൻകൂട്ടി തീരുമാനിച്ചപോലെയുണ്ട് -ഖാർഗെ കത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.