ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം കാഴ്ചവെച്ച നടൻ വിജയിയുയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് (ടി.വി.കെ) പിന്തുണ നൽകുന്ന കാര്യം സജീവമായി പരിഗണിച്ച് കോൺഗ്രസ്. ടി.വി.കെ നേടിയ അപ്രതീക്ഷിത മുന്നേറ്റം വിലയിരുത്തി വരുംദിവസങ്ങളിൽ നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് തമിഴ്‌നാട് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഗിരീഷ് ചോടങ്കർ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ യുവാക്കളുടെയും സ്ത്രീകളുടെയും വൻതോതിലുള്ള പിന്തുണ നേടിയെടുക്കാൻ വിജയിയുടെ പാർട്ടിക്ക് സാധിച്ചിട്ടുണ്ട്. ഈ ജനപിന്തുണ തള്ളിക്കളയാനാവില്ലെന്നും, നിലവിലെ സാഹചര്യത്തിൽ സ്വീകരിക്കേണ്ട അടുത്ത നടപടികളെക്കുറിച്ച് പാർട്ടി വിശദമായി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.ടി.വി.കെയുമായുള്ള സഹകരണം സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കമാൻഡ് റിപ്പോർട്ട് പരിശോധിച്ച ശേഷം കൈക്കൊള്ളും.
തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായക ശക്തിയായി മാറിയ വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെ കോൺഗ്രസ് അനുകൂലമായി കാണുന്നു എന്നതിന്റെ സൂചനയാണ് ഗിരീഷ് ചോടങ്കറുടെ പ്രസ്താവന. ഡി.എം.കെ സഖ്യത്തിൽ തുടരുന്ന കോൺഗ്രസിന്റെ ഈ നീക്കം തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
അതേസമയം, പാർട്ടിയുടെ തകർപ്പൻ വിജയത്തിൽ അധ്യക്ഷൻ വിജയിയെ ഫോണിൽ വിളിച്ച് രാഹുൽ ഗാന്ധി അഭിനന്ദനം അറിയിക്കുകയും ചെയ്തു. ഈ ജനവിധി യുവാക്കളുടെ ഉയരുന്ന ശബ്ദമാണ് പ്രതിഫലിപ്പിക്കുന്നതെന്നും അത് അവഗണിക്കാൻ കഴിയില്ലെന്നും ഫേസ്ബുക്കിൽ കുറിച്ചു. തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും ജനങ്ങളെ സംരക്ഷിക്കുന്നതിനും സേവിക്കുന്നതിനും കോൺഗ്രസ് പാർട്ടി തുടർന്നും പ്രവർത്തിക്കുമെന്നും രാഹുൽ ഗാന്ധി തന്റെ പോസ്റ്റിൽ വ്യക്തമാക്കി. തമിഴ്നാട്ടിൽ അഞ്ചിടത്താണ് കോൺഗ്രസ് വിജയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.