ന്യൂഡൽഹി: ഏക സിവിൽകോഡ് നടപ്പാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തോടെ ഭരണഘടനാ ചർച്ചക്ക് ലോക്സഭയിൽ സമാപനം. പ്രത്യേക ചർച്ചയിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച പ്രധാനമന്ത്രി, ജനാധിപത്യം കഴുത്തുഞെരിക്കപ്പെട്ടതിന്റെ പാപം കോൺഗ്രസിന്റെ മേലിൽ നിന്ന് ഒരിക്കലും മായ്ക്കപ്പെടില്ലെന്ന് പറഞ്ഞു.
മതത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യക്തിനിയമം അവസാനിപ്പിക്കാൻ ബാബ സാഹെബ് അംബേദ്കറാണ് ആവശ്യപ്പെട്ടതെന്ന് മോദി പറഞ്ഞു. ഭരണഘടനാ സഭ ചർച്ച ചെയ്തതാണിത്. തെരഞ്ഞെടുക്കപ്പെടുന്ന സർക്കാർ ഇതിൽ തീരുമാനമെടുക്കണമെന്ന് പറഞ്ഞതാണ്. ഏക സിവിൽകോഡ് ഏകതക്കും ആധുനികതക്കും അനിവാര്യമാണെന്ന് കെ.എം. മുൻഷിയും പറഞ്ഞിട്ടുണ്ട്. ഏക സിവിൽകോഡ് എത്രയും പെട്ടെന്ന് കൊണ്ടുവരാൻ സുപ്രീംകോടതിയും പലതവണ പറഞ്ഞു. അതിനായി പരിശ്രമിക്കും. 60 വർഷത്തിനുള്ളിൽ 75 തവണ കോൺഗ്രസ് ഭരണഘടന ഭേദഗതി ചെയ്തുവെന്ന് മോദി വിമർശിച്ചു.
നെഹ്റു സ്വന്തം ഭരണഘടനയാണ് നടപ്പാക്കിയത്. സ്വന്തം പാർട്ടിയുടെ ഭരണഘടന അംഗീകരിക്കാത്ത കോൺഗ്രസ് രാഷ്ട്രീയത്തിനായി ഭരണഘടന ആയുധമാക്കിയിരിക്കുകയാണ്. 12 കോൺഗ്രസ് കമ്മിറ്റികൾ സർദാർ പട്ടേലിനെ നിർദേശിച്ചപ്പോൾ ഒരു സംസ്ഥാന കമ്മിറ്റി പോലും നിർദേശിക്കാത്ത നെഹ്റുവിനെ പ്രധാനമന്ത്രിയാക്കി. ഭരണഘടന മാറ്റാൻ വിത്ത് വിതറിയ നെഹ്റുവിന്റെ പാത ആ കുടുംബത്തിന്റെ അടുത്ത പിൻഗാമി ഇന്ദിര ഗാന്ധി തുടർന്നു. ജുഡീഷ്യറിയെ വരുതിയിലാക്കാൻ ഭേദഗതിയിലൂടെ കോടതികളുടെ ചിറകരിഞ്ഞു. 1971ൽ ഇന്ദിര ഗാന്ധി കോടതിയുടെ അധികാരങ്ങൾ എടുത്തുകളഞ്ഞു. എം.പി സ്ഥാനം പോയപ്പോൾ തന്റെ കസേര രക്ഷിക്കാൻ 1975ൽ അടിയന്തരാവസ്ഥ കൊണ്ടുവന്നു.
ഭരണഘടന നിലവിൽ വന്ന് 25-ാം വർഷത്തിന് നമ്മൾ സാക്ഷ്യം വഹിച്ചപ്പോൾ അടിയന്തരവാസ്ഥ അടിച്ചേൽപ്പിച്ചു. ജനാധിപത്യം സംവിധാനങ്ങൾ ഇല്ലാതാക്കി. രാജ്യം ജയിലാക്കുകയും പൗരാവകാശങ്ങൾ കവർന്നെടുക്കുകയും ചെയ്തു. മാധ്യമ സ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്തി. കോൺഗ്രസിന്റെ നെറ്റിയിലെ ഈ പാപം ഒരിക്കലും മായ്ക്കാൻ പറ്റില്ല. ലോകത്ത് ജനാധിപത്യം ചർച്ച ചെയ്യപ്പെടുമ്പോൾ ജനാധിപത്യം കഴുത്തുഞെരിക്കപ്പെട്ടതിന്റെ പാപം കോൺഗ്രസിന്റെ മേലിൽ നിന്ന് ഒരിക്കലും മായ്ക്കപ്പെടില്ല -മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.