റായ്പുർ: വിദ്വേഷ കുറ്റകൃത്യങ്ങൾ തടയാനും കുറ്റവാളികളെ ശിക്ഷിക്കാനും അധികാരത്തിൽ വന്നാൽ പുതിയ നിയമം കൊണ്ടുവരുമെന്ന് കോൺഗ്രസ്. ഒമ്പതു വർഷത്തിനിടയിൽ വിദ്വേഷ രാഷ്ട്രീയവും വർഗീയ ധ്രുവീകരണവും പാരമ്യത്തിലായി. വിദ്വേഷ കുറ്റകൃത്യങ്ങളും വിഭാഗീയ ഗുണ്ടസംഘങ്ങളും പെരുകി. ഭയപ്പാട് സൃഷ്ടിച്ച് പൊലീസിനെപ്പോലെ പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുകയാണ് വിഭാഗീയ ഗുണ്ടകൾ.
ന്യൂനപക്ഷങ്ങളെ ഉൾഭയത്തിലാക്കാൻ ബി.ജെ.പി-ആർ.എസ്.എസ് പലവിധ ശ്രമം തുടർന്നു വരുന്നതായി രാഷ്ട്രീയ പ്രമേയത്തിൽ കോൺഗ്രസ് ചൂണ്ടിക്കാട്ടി. ജനസംഖ്യയിൽ അഞ്ചിലൊന്നു വരുന്ന ന്യൂനപക്ഷങ്ങളെ അവഗണിക്കുന്നതും ഒതുക്കുന്നതും അന്യവത്കരിക്കുന്നതും മനുഷ്യത്വഹീനമാണ്. അത് ഇന്ത്യയുടെ ഐക്യത്തിന് പരിക്കേല്പിക്കുന്നു. ആർ.എസ്.എസ്-ബി.ജെ.പിക്കാർ വളർത്തിയെടുത്ത വിദ്വേഷ സംസ്കാരം എല്ലാ മതസംഹിതകൾക്കും എതിരാണ്. ദുർബല വിഭാഗങ്ങൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങളും വർധിച്ചു. എല്ലാവർക്കുമിടയിൽ ഒരേപോലെ സുരക്ഷിതബോധം ഉണ്ടാവണം. മതം, ജാതി, ഭാഷ, ലിംഗം തുടങ്ങിയവയുടെ പേരിലുള്ള വിവേചനം തടയാൻ വിവേചനവിരുദ്ധ നിയമം കൊണ്ടുവരും.
വിഭാഗീയ ശക്തികൾ സൃഷ്ടിച്ച ദുർഗതിയിൽനിന്ന് രാജ്യത്തെ മോചിപ്പിച്ച് സ്ഥിരതയും സമാധാനവും പുനഃസ്ഥാപിക്കാൻ പ്രവർത്തിക്കുമെന്ന് പ്രമേയം വാഗ്ദാനം ചെയ്തു. ഭാരത് ജോഡോ യാത്ര അതിന്റെ ആദ്യ പടിയാണ്.
•അധികാരത്തിൽ വന്നാൽ, ജനസ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്ന നിയമങ്ങളും ചട്ടങ്ങളും പുനഃപരിശോധിക്കും. അന്യായമായവ പിൻവലിക്കും. നീതിപീഠത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കും. മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ ഭരണഘടന ഭേദഗതിയോ നിയമനിർമാണമോ നടത്തും. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെ കൂട്ട കൂറുമാറ്റം വഴി അട്ടിമറിക്കുന്നതു തടയാൻ ഭരണഘടനാ ഭേദഗതി കൊണ്ടുവരും. സംസ്ഥാന പൊലീസ് സേനകളിലെ എല്ലാ ഒഴിവുകളിലും മൂന്നിലൊന്ന് വനിത സംവരണം.
•എല്ലാവർക്കും സംഭാവന നൽകാവുന്ന ദേശീയ തെരഞ്ഞെടുപ്പ് നിധി രൂപവത്കരിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് സുതാര്യവും ന്യായയുക്തവുമായ രീതിയിൽ ഫണ്ട് നൽകും. വോട്ടുയന്ത്രത്തെക്കുറിച്ച സംശയങ്ങൾ നിലനിൽക്കേ, വോട്ടറുടെ വിശ്വാസം തിരിച്ചുപിടിക്കാൻ തക്കവിധം തെരഞ്ഞെടുപ്പ് പ്രക്രിയ പരിഷ്കരിക്കും. 14 പാർട്ടികൾ വോട്ടു യന്ത്രത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു പരിഷ്കരണ വിഷയം സമാന മനസ്കരുമായി ചേർന്ന് തെരഞ്ഞെടുപ്പു കമീഷനിൽ ഉന്നയിക്കും. പ്രതികരണമില്ലെങ്കിൽ കോടതിയെ സമീപിക്കും.
• ചികിത്സ ഓരോ പൗരന്റെയും അവകാശമാക്കാൻ ചികിത്സാവകാശ നിയമം കൊണ്ടുവരും. രോഗനിർണയം, ഒ.പി ചികിത്സ, മരുന്ന്, കിടത്തി ചികിത്സ എന്നിവയെല്ലാം ഇതിനു കീഴിൽ ലഭ്യമാക്കും. മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ മൂന്നു ശതമാനം ആരോഗ്യ പരിചരണത്തിനായി നീക്കിവെക്കും.
•അഴിമതി തടയുന്നതിന്റെ ഭാഗമായി പരാതി പരിഹാര ബിൽ പാസാക്കും. പദവി ദുരുപയോഗിക്കുന്ന ഗവർണർമാർക്കെതിരെ നടപടി എടുക്കാൻ സംവിധാനം കൊണ്ടുവരണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
റായ്പൂർ: വർധിക്കുന്ന തൊഴിലില്ലായ്മയും അസമത്വവും സമ്പദ് വ്യവസ്ഥക്ക് ഏൽപിച്ച ആഘാതം കണക്കിലെടുത്ത് ഇന്ത്യയുടെ സാമ്പത്തിക വികസന മാർഗരേഖ പുനരവലോകനം ചെയ്യണമെന്നും മുൻഗണനകൾ മാറ്റി നിശ്ചയിക്കണമെന്നും കോൺഗ്രസ്.
മോദി സർക്കാറിന്റെ ഒമ്പതു വർഷത്തിനിടയിൽ സാമ്പത്തികരംഗം മോശമായി കൈകാര്യം ചെയ്തതുമൂലം രാജ്യം ഏറെ ദുരനുഭവങ്ങൾ ഏറ്റുവാങ്ങുകയാണെന്ന് പ്ലീനറി സമ്മേളനം സാമ്പത്തിക പ്രമേയത്തിൽ പറഞ്ഞു. വിലക്കയറ്റം, അസമത്വം, രൂപയുടെ മൂല്യത്തകർച്ച, കർഷകവിരുദ്ധ നയങ്ങൾ, ചങ്ങാത്ത മുതലാളിത്തം, സാമൂഹിക ധ്രുവീകരണം എന്നിവയെല്ലാം ഓരോ പ്രതിസന്ധികളാണ്.
രാജ്യത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്ധിച്ചുവരുകയാണെന്ന് പ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.