പര്‍ഗത് സിങ്, ആരാധന മിശ്ര മോന
ഒളിമ്പ്യൻ പര്‍ഗത് സിങ് പഞ്ചാബ് കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷൻ; യുപിയിൽ ആരാധന മിശ്ര മോന
ന്യൂഡൽഹി: അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിലും ഉത്തർപ്രദേശിലും പുതിയ പ്രസിഡന്റിനെ നിയമിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്റ്റനും ഒളിമ്പ്യനുമായ പർഗത് സിങ്ങാണ് പഞ്ചാബ് പി.സി.സി അധ്യക്ഷൻ. നിലവിൽ എം.എൽ.എയും മുൻമന്ത്രിയുമാണ് ഈ 61കാരൻ. പാർട്ടിയിൽ ഭിന്നത രൂക്ഷമായതിനെ തുടർന്ന് നിലവിലെ അധ്യക്ഷൻ അമരീന്ദർ സിങ് രാജാ വാറിങ്ങിനോട് ഹൈക്കമാൻഡ് രാജി ആവശ്യപ്പെടുകയായിരുന്നു.
ഉത്തർപ്രദേശിൽ ആരാധന മിശ്ര മോനയാണ് പുതിയ അധ്യക്ഷ. നിലവിൽ നിയമസഭാംഗമായ ഇവർ, മുതിർന്ന നേതാവ് പ്രമോദ് തിവാരിയുടെ മകളാണ്. ഇമ്രാൻ മസൂദിനെ വർക്കിങ് പ്രസിഡന്റായും നിയമിച്ചു. ചൗധരി വീരേന്ദ്ര സിങ്ങാണ് പാർലമെന്ററി പാർട്ടിയുടെ പുതിയ അധ്യക്ഷൻ.
2027ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യകക്ഷികളുമൊത്ത് കോൺഗ്രസ് ഒറ്റക്കെട്ടായി മത്സരിക്കുമെന്നും മുന്നണി സർക്കാർ അധികാരത്തിൽ വരുമെന്നും ആരാധന മിശ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരോട് നന്ദി അറിയിച്ച അവർ, തനിക്ക് ലഭിച്ച പുതിയ ചുമതല പൂർണനിഷ്ഠയോടും സത്യസന്ധതയോടും കൂടി നിർവഹിക്കുമെന്നും കൂട്ടിച്ചേർത്തു.
നാല് വർഷത്തിലേറെയായി പഞ്ചാബ് പി.സി.സി അധ്യക്ഷനായിരുന്ന അമരിന്ദർ സിങ് രാജ വാറിങ്, സ്ഥാനം ഒഴിയുന്നുവെന്ന് അറിയിച്ച് കഴിഞ്ഞദിവസമാണ് രാഹുൽ ഗാന്ധിക്ക് നേരിട്ട് രാജികത്ത് നൽകിയത്. പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ ഇൻചാർജായി സച്ചിൻ പൈലറ്റിനെ ഹൈക്കമാൻഡ് നിയമിച്ചതിനു പിന്നാലെയായിരുന്നു രാജി.
അധ്യക്ഷസ്ഥാനത്തേക്ക് ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള നേതാവായ വിജയ് ഇന്ദര്‍ സിംഗ്ലയെ നിയമിക്കുമെന്നാണ് രാഷ്ട്രീയവൃത്തങ്ങളിൽ പ്രചരിച്ചിരുന്നത്. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടിക്കുള്ളിലെ സമുദായ സമവാക്യങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി ജാട്ട് സിഖ് വിഭാഗത്തില്‍ നിന്നുള്ള പർഗത് സിങ്ങിന് നറുക്ക് വീഴുകയായിരുന്നു.
പഞ്ചാബ് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരുകളില്‍ നിന്ന് എപ്പോഴും അകലം പാലിച്ചിട്ടുള്ള നേതാവാണ് പര്‍ഗത് സിങ്. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ ഗ്രൂപ്പില്‍ പെടാത്തയാളെന്ന പ്രതിച്ഛായ, മുതിര്‍ന്ന നേതാക്കളെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന് തുണയാകുമെന്നാണ് ഹൈക്കമാൻഡിന്റെ വിശ്വാസം. പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാറിനെതിരെ നിയമസഭയിലും പുറത്തും അദ്ദേഹം നടത്തുന്ന ശക്തമായ വിമര്‍ശനങ്ങളും പുതിയ പദവിയിൽ നിർണായകമായി.
ജലന്ധര്‍ കന്റോണ്‍മെന്റില്‍ നിന്ന് മൂന്ന് തവണ എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ട പര്‍ഗത് സിങ്, 2012 ല്‍ ശിരോമണി അകാലിദള്‍ ടിക്കറ്റിലാണ് ആദ്യം വിജയിക്കുന്നത്. അകാലിദള്‍ വിട്ട് 2016 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2017 ലും 2022 ലും കോണ്‍ഗ്രസ് ടിക്കറ്റില്‍ സീറ്റ് നിലനിര്‍ത്തി. 2021 ല്‍ നവ്‌ജ്യോത് സിങ് സിദ്ദു സംസ്ഥാന അധ്യക്ഷനായിരുന്നപ്പോള്‍ പാര്‍ട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിരുന്നു. ചരണ്‍ജിത് സിങ് ചന്നിയുടെ മന്ത്രിസഭയില്‍ 2021 സെപ്റ്റംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെ മന്ത്രിയായി.
1992 ലെ ബാഴ്സലോണ ഒളിമ്പിക്സിലും 1996 ലെ അറ്റ്ലാന്റ ഒളിമ്പിക്സിലും ഇന്ത്യന്‍ ഹോക്കി ടീമിനെ നയിച്ച പര്‍ഗത് സിങ്, 1998 ല്‍ ടീമിന്റെ പരിശീലകനുമായി. കായികരംഗത്തെ സമഗ്ര സംഭാവനകള്‍ മാനിച്ച് 1989 ല്‍ അര്‍ജുന അവാര്‍ഡും 1998 ല്‍ പത്മശ്രീയും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.