‘അനുമതിയില്ലാതെ സമരം നടത്തി’; ശിവാജി പാർക്കിലെ സി.ജെ.പി പ്രതിഷേധത്തിനെതിരെ പൊലീസിൽ പരാതി

മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയിലെ ശിവാജി പാർക്കിൽ പ്രതിഷേധം നടത്തിയ കോക്ക്രോച്ച് ജനത പാർട്ടി (സി.ജെ.പി) നേതാക്കൾക്കെതിരെ പൊലീസ് പരാതി. ശിവാജി പാർക്ക് സ്വദേശിയും അഭിഭാഷകയുമായ സിദ്ധി ദിയോളേക്കറാണ് വെള്ളിയാഴ്ച മുംബൈ പൊലീസിൽ പരാതി നൽകിയത്. പ്രതിഷേധത്തിന് പൊലീസ് അനുമതി നൽകിയിരുന്നില്ലെന്നും ബോംബെ ഹൈകോടതി ഉത്തരവ് നിലനിൽക്കെ റോഡിൽ സമരം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. 

ശിവാജി പാർക്കിൽ കഴിഞ്ഞ പത്ത് വർഷമായി താമസിക്കുന്നയാളാണ് താനെന്ന് സിദ്ധി ദിയോളേക്കർ പറഞ്ഞു. പ്രതിഷേധിക്കാനുള്ള അവകാശത്തെ എതിർക്കുന്നില്ലെന്നും എന്നാൽ പ്രതിഷേധങ്ങൾക്കായി നിശ്ചിത സ്ഥലങ്ങൾ ഉള്ളപ്പോൾ റോഡിലും വീടുകൾക്ക് മുന്നിലും സമരം നടത്തിയത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും അവർ ആരോപിച്ചു. ആസാദ് മൈതാനത്തോ ഡൽഹിയിലെ ജന്തർ മന്തറിലോ പ്രതിഷേധം നടത്താമായിരുന്നുവെന്നും അവർ പറഞ്ഞു. 

പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതായി ശിവാജി പാർക്ക് പൊലീസ് സ്റ്റേഷൻ നേരത്തെ കത്ത് നൽകിയിരുന്നുവെന്നും പരാതിക്കാരി വ്യക്തമാക്കി. ശബ്ദമലിനീകരണം, ഗതാഗതക്കുരുക്ക്, പ്രദേശത്തെ ഗതാഗതത്തെ ബാധിക്കുന്ന സാഹചര്യം തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുംബൈ പൊലീസ് ശിവാജി പാർക്കിലെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചത്. അനുമതി നിഷേധിച്ചതിന് പിന്നാലെ സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ ‘ജയിൽ ഭരോ ആന്ദോളൻ’ പ്രഖ്യാപിക്കുകയായിരുന്നു.

വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ചും എസ്.ഐ.ആർ നടപടിയിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും ആവശ്യപ്പെട്ടുമാണ് സി.ജെ.പി ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചത്. ഒക്ടോബർ രണ്ടിന് ശിവാജി പാർക്കിൽ നടന്ന പ്രതിഷേധം സംഘടന പ്രഖ്യാപിച്ച രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു. 

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിലും പ്രതിഷേധം നടക്കുന്നുണ്ട്. ആം ആദ്മി പാർട്ടി   നേതാക്കളും വിദ്യാർഥി സംഘടനകളും ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു. 500ലേറെ പേരെ ഡൽഹിയിൽ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്. 

സി.ജെ.പി പ്രതിഷേധം മുംബൈയിൽ മാത്രം ഒതുക്കാനല്ല ലക്ഷ്യമിടുന്നതെന്ന് സംഘടനാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഗ്യാനേഷ് കുമാർ രാജിവെക്കാത്ത പക്ഷം ഒക്ടോബർ 10ന് ഡൽഹിയിലെ ജന്തർ മന്തറിൽ വീണ്ടും വലിയ പ്രതിഷേധം നടത്തുമെന്ന് അഭിജീത് ദിപ്കെ പ്രഖ്യാപിച്ചിട്ടുണ്ട്.  

Tags:    
News Summary - ‘They were not granted permission’: Shivaji Park resident files complaint over CJP protest in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.