ചെന്നൈ: തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെ വിമത എം.എൽ.എ.മാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിനെതിരെ മുന്നറിയിപ്പുമായി കോൺഗ്രസ്. വിശ്വാസ വോട്ടെടുപ്പിൽ വിജയിയെ പിന്തുണച്ച എ.ഐ.എ.ഡി.എം.കെ വിമത വിഭാഗം വിജയിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ എ.ഐ.എ.ഡി.എം.കെ വിമത വിഭാഗത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നത് സർക്കാരിനെ രാഷ്ട്രീയമായി ദുർബലപ്പെടുത്തുകയും പൊതു പ്രതിച്ഛായക്ക് കോട്ടം വരുത്തുകയും ചെയ്യുമെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ കാർത്തി ചിദംബരം പറഞ്ഞു. എ.ഐ.എ.ഡി.എം.കെ വിമതരുടെ പിന്തുണ ഇല്ലെങ്കിലും ടി.വി.കെ സർക്കാരിന് അഞ്ചുവർഷം ഭരിക്കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"എ.ഐ.എ.ഡി.എം.കെയെ സർക്കാരിൽ ഉൾപ്പെടുത്തേണ്ട ആവശ്യമില്ല. ഞാൻ ഇത് ഇന്നും വ്യക്തമായി പറയുന്നു. എ.ഐ.എ.ഡി.എം.കെ ഇല്ലാതെ, സർക്കാരിന് അടുത്ത 5 വർഷത്തേക്ക് സുഗമമായി പ്രവർത്തിക്കാൻ കഴിയും. എ.ഐ.എ.ഡി.എം.കെയെ ഉൾപ്പെടുത്തിയാൽ അത് ഒരു മൈനസ് ആയിരിക്കും," കാർത്തി പറഞ്ഞു.
എ.ഐ.എ.ഡി.എം.കെയും ഡി.എം.കെയും അല്ലാതെ മറ്റൊരു രാഷ്ട്രീയ മാറ്റത്തിനാണ് പൊതുജനങ്ങൾ വോട്ട് ചെയ്തതെന്നും നിലവിലെ പിന്തുണാ ക്രമീകരണം അതിന് തെളിവാണെന്നും അദ്ദേഹം വാദിച്ചു.
'എ.ഐ.എ.ഡി.എം.കെയെ ഉൾപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് ജനം പറഞ്ഞിട്ടുണ്ട്. ഇത് മാറ്റത്തിനുള്ള ഒരു സർക്കാരാണെന്ന് അവർ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകൾ, ഐ.യു.എം.എൽ, വി.സി.കെ, കോൺഗ്രസ് എന്നിവയെ ഉൾപ്പെടുത്തിയെന്ന് ജനങ്ങൾ അംഗീകരിച്ചത്. എ.ഐ.എ.ഡി.എം.കെയെ സർക്കാരിൽ ഉൾപ്പെടുത്തിയാൽ, ആളുകൾ അത് പൂർണ്ണമായും അംഗീകരിക്കില്ല,' കാർത്തി കൂട്ടിച്ചേർത്തു.
'വിജയിക്ക് വേറെ ഏതെങ്കിലും പാർട്ടിയിലെ വിമതരുടെ പിന്തുണ ആവശ്യമില്ല. എ.ഐ.എ.ഡി.എം.കെ വിമതരെ സർക്കാരിലേക്ക് എടുക്കേണ്ട ഒരു ആവശ്യവുമില്ല. വിശ്വാസ വോട്ടെടുപ്പിൽ അവർ സ്വയം സന്നദ്ധരായി വിജയിക്ക് പിന്തുണ നൽകിയതാണ്. അതിന്റെ പേരിൽ സർക്കാരിന്റെ ഭാഗമാക്കണമെന്നില്ല. അവരെ സർക്കാരിന്റെ ഭാഗമാക്കരുതെന്ന് ഞാൻ ആവശ്യപ്പെടുകയാണ്' - കാർത്തി ചിദംബരം പറഞ്ഞു.
ബുധനാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പിൽ തമിഴക വെട്രി കഴകം സർക്കാർ 144 അംഗങ്ങളുടെ പിന്തുണ നേടിയിരുന്നു. കോൺഗ്രസ്, സി.പി.എം, വി.സി.കെ, മുസ്‌ലിം ലീഗ് എന്നീ കക്ഷികൾക്ക് പുറമേ 25 വിമത എ.ഐ.എ.ഡി.എം.കെ എം.എൽ.എ.മാർ അനുകൂലമായി വോട്ട് ചെയ്തിരുന്നു. 120 അംഗങ്ങളുടെ പിന്തുണയുള്ള വിജയ്ക്ക്, ഷണ്മുഖം പക്ഷത്തുള്ള വിമത എം.എൽ.എ.മാരുടെ കൂടി പിന്തുണ ലഭിച്ചതോടെയാണ് അംഗബലം ഉയർന്നത്. ഇതോടെ എ.ഐ.എ.ഡി.എം.കെ പിളരുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.