കർണാടകയിൽ രാഷ്ട്രീയ നാടകം മുറുകുന്നു; സിദ്ധരാമയ്യക്ക് പകരക്കാരൻ മല്ലികാർജുൻ ഖാർഗെ?

ബംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ വൻ നേതൃമാറ്റത്തിന് വഴിതുറക്കുന്ന നിർണായക നീക്കങ്ങളുമായി കോൺഗ്രസ് ഹൈക്കമാൻഡ്. മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥാനമൊഴിയേണ്ടി വരുമെന്ന സൂചനകൾ ഇതോടെ ശക്തമായി. ഹൈക്കമാൻഡിന്റെ കർശന നിർദേശപ്രകാരം സിദ്ധരാമയ്യ രാജിവെക്കുമെന്നും, പകരമായി അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് നൽകി കേന്ദ്ര രാഷ്ട്രീയത്തിലേക്ക് മാറ്റാനാണ് ആലോചനയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രാജ്യസഭാ സീറ്റ് ഉൾപ്പെടെയുള്ള പുനരധിവാസ പാക്കേജുകളിൽ അന്തിമ ധാരണയാകുന്നതോടെ സിദ്ധരാമയ്യ മുഖ്യമന്ത്രി പദം ഒഴിഞ്ഞേക്കും. ഇതിന്റെ ഭാഗമായി അദ്ദേഹത്തെ വീണ്ടും ഡൽഹിയിലേക്ക് വിളിച്ചുവരുത്താൻ ഹൈക്കമാൻഡ് ഒരുങ്ങുകയാണ്.

അതേസമയം, സിദ്ധരാമയ്യ മാറിയാൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അടുത്ത മുഖ്യമന്ത്രിയാകുമോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രി പദം കൈമാറുന്നതിൽ ഹൈക്കമാൻഡിന് പൂർണമായ ഉറപ്പില്ലാത്ത സാഹചര്യത്തിലാണ്, എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പേര് സജീവമായി പരിഗണിക്കുന്നത്.

സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിലുള്ള തീരാത്ത അധികാര വടംവലി കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയായി മാറിയിട്ടുണ്ട്. ഈ ആഭ്യന്തര തർക്കങ്ങൾക്ക് തടയിടാൻ ഇരുവർക്കും സ്വീകാര്യനായ ഒരു സമവായ സ്ഥാനാർഥി എന്ന നിലയിലാണ് ഹൈക്കമാൻഡ് ഖാർഗെയെ മുൻനിർത്തിയുള്ള തന്ത്രം മെനയുന്നത്.

നേതൃമാറ്റം സംബന്ധിച്ച അന്തിമ തീരുമാനം നാളെയോ മറ്റന്നാളോ ഉണ്ടായേക്കുമെന്നാണ് വിവരം. ഈ നീക്കം യാഥാർഥ്യമായാൽ അത് കർണാടകയിലെ രാഷ്ട്രീയ സമവാക്യങ്ങളെ പാടെ മാറ്റിമറിക്കും.

Tags:    
News Summary - Congress Moves for Leadership Change in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.