അസമിൽ കോൺഗ്രസ്-ഇടത് വിശാലസഖ്യം; അജ്മൽ പുറത്ത്

ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ പൊതുശത്രുവായ ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഇടതുപാർട്ടികളെയടക്കം ഉൾപ്പെടുത്തി മഹാസഖ്യം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന് ചർച്ച ആരംഭിച്ചു. കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് 10 പാർട്ടികളെ ഉൾപ്പെടുത്തി വെള്ളിയാഴ്ച യോഗം ചേർന്നത്. അതേസമയം, ഏറെക്കാലം കോൺഗ്രസ് സഖ്യത്തിന്‍റെ ഭാഗമായിരുന്ന ബദറുദ്ദീൻ അജ്മലിന്‍റെ ഓൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിനെ (എ.ഐ.യു.ഡി.എഫ്) ഒഴിവാക്കിയാണ് യോഗം ചേർന്നത്.

വർഗീയ പാർട്ടിയായ ബി.ജെ.പിയെ നേരിടാൻ മറ്റൊരു വർഗീയ പാർട്ടിയായ എ.ഐ.യു.ഡി.എഫിനെ കൂട്ടുപിടിക്കേണ്ടതില്ലെന്നാണ് ബന്ധം ഉപേക്ഷിക്കുന്നതിന് കാരണമായി നൽകിയ വിശദീകരണം.

കോൺഗ്രസിനെക്കൂടാതെ സി.പി.എം, സി.പി.ഐ, സി.പി.ഐ-എം.എൽ, അഖിൽ ഗൊഗോയിയുടെ റൈജോർ ദൾ, ജതിയ ദൾ, അസം ജതിയ ദൾ, നാഷനൽ കോൺഗ്രസ് പാർട്ടി, ലിബറൽ ഡെമോക്രാറ്റിക് പാർട്ടി, ആർ.ജെ.ഡി നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. തൃണമൂൽ കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല.

പൊതുതന്ത്രം രൂപപ്പെടുത്തുന്നതിന് നിലവിലെ രാഷ്ട്രീയ സാഹചര്യവും അസമിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളും യോഗത്തിൽ ചർച്ച ചെയ്തെന്നും വർഗീയ പാർട്ടിയായ ബി.ജെ.പിക്കെതിരെ ഒരുമിച്ച് പോരാടാൻ ഞങ്ങൾ തീരുമാനിച്ചെന്നും യോഗത്തിനുശേഷം കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഭൂപൻകുമാർ ബോറ പറഞ്ഞു.

ബദറുദ്ദീൻ അജ്മലിന്‍റെ എ.ഐ.യു.ഡി.എഫും ബി.ജെ.പിയെപ്പോലെ വർഗീയ പാർട്ടി ആയതിനാലാണ് സഖ്യത്തിന്‍റെ ഭാഗമാക്കാത്തതെന്ന് അഖിൽ ഗൊഗോയി വിശദീകരിച്ചു. ഒരു വർഗീയ പാർട്ടിക്കെതിരെ മറ്റൊരു വർഗീയ പാർട്ടിയുമായി കൂട്ടുപിടിച്ച് പോരാടുന്നതിൽ അർഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്, എ.ഐ.യു.ഡി.എഫ്, ഇടതുപാർട്ടികൾ അടക്കമുള്ള പാർട്ടികൾ ചേർന്ന് 126ൽ 50 സീറ്റുകളിലാണ് വിജയിച്ചത്. തൊട്ടുപിറകെ എ.ഐ.യു.ഡി.എഫുമായുള്ള ബന്ധം കോൺഗ്രസ് ഉപേക്ഷിച്ചിരുന്നു.

Tags:    
News Summary - Congress-Left alliance in Assam; Ajmal is out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.