ആർ.എസ്.എസ് രജിസ്ട്രേഷനില്ലാത്ത സംഘടന, ധനസഹായത്തിൽ ദുരൂഹത, രാജ്യത്തെ നിയമങ്ങളെ കബളിപ്പിക്കുന്നുവെന്നും കോൺഗ്രസ്

ബെംഗളുരു: ചട്ടപ്രകാരം രജിസ്റ്റർ​ ചെയ്യാത്ത സംഘടനയായ ആർ.എസ്.എസിന് എങ്ങിനെയാണ് പ്രവർത്തിക്കാനാവുകയെന്ന ചോദ്യവുമായി കോൺഗ്രസ് ​നേതൃത്വം. സംഘടനക്ക് ധനസഹായമെത്തുന്നതിൽ ദുരൂഹതയുണ്ടെന്നും കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയും കോൺഗ്രസ് നേതാവ് ബി.കെ. ഹരിപ്രസാദും ബുധനാഴ്ച ചൂണ്ടിക്കാട്ടി.

സർക്കാർ ഇടപെടലുകൾ ഒഴിവാക്കാനും രാജ്യത്തെ നിയമങ്ങളെ കബളിപ്പിക്കാനും ആർ.എസ്.എസ് സ്വയം സംഘടനയായി രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് ഖാർഗെ കുറ്റപ്പെടുത്തി. ആർ.എസ്.എസ് നിയമപ്രകാരം പ്രവർത്തിക്കുന്ന സംഘടനയാണെന്ന് തെളിയിച്ചാൽ നിലവി​ലെ പ്രതിസന്ധി ഒഴിവാകുമെന്ന് ഖാർഗെ പറഞ്ഞു. ‘ആർ.എസ്.എസ് ചട്ടപ്രകാരം രജിസ്റ്റർ ചെയ്തതിന്റെ സർട്ടിഫിക്കറ്റ് ഒന്ന് കാണിക്കൂ, അത്രയേയുള്ളൂ പ്രശ്നം,’-ഖാർഗെ പറഞ്ഞു.

‘രാജ്യത്തെ നിയമപ്രകാരം രജിസ്റ്റർ ചെയ്യാതെ പ്രവർത്തിക്കുന്ന സംഘടനയായ ആർ.എസ്.എസിന് എവിടെ നിന്നാണ് പണം ലഭിക്കുന്നത്? ഗണവേഷം തുന്നാനും റാലികൾ സംഘടിപ്പിക്കാനും വാദ്യോപകരണങ്ങൾ വാങ്ങാനും കെട്ടിടങ്ങൾ നിർമിക്കാനും അവർക്ക് എവിടെ നിന്നാണ് പണം ലഭിക്കുന്നത്?’-ഖാർഗെ ചോദിച്ചു.

ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്ന ഹരിപ്രസാദും സമാനമായ ആശങ്കകൾ ഉന്നയിച്ചു. ‘ രജിസ്റ്റർ ചെയ്ത സംഘടനയാണെങ്കിൽ മാത്രമേ അവർക്കെങ്ങനെ സാമ്പത്തിക സഹായം ലഭിക്കുന്നുവെന്ന് ​അന്വേഷിക്കാനാവൂ. കോൺഗ്രസ് പാർട്ടിയും ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമീഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആർ.എസ്.എസിന് എവിടെയാണ് രജിസ്ട്രേഷനുള്ളത്?.’- ഹരിപ്രസാദ് ചോദിച്ചു.

വിജയദശമി ദിനത്തിൽ ഗുരുദക്ഷിണയായാണ് ആർ.എസ്.എസിന് ധനസഹായം നൽകുന്നതെന്ന് പറയപ്പെടുന്നു. നൂറുവർഷത്തിനിടെ അവർ അങ്ങിനെ എത്രപണം സമാഹരിച്ചുവെന്നതിന് കണക്കുണ്ടോ?. ഇവിടെ കള്ളപ്പണമാണ് പ്രശ്നം. ഇ.ഡിയോ ഐ.ടി വകു​പ്പോ സി.ബി.ഐയോ റെയ്ഡ് നടത്താൻ തയ്യാറാവുമോ? ആർക്കായാണ് ഈ പണം ഉപയോഗിക്കപ്പെടുന്നത്? അവർ 700 കോടിയുടെ കെട്ടിടസമുച്ചയം നിർമിച്ചു. എവിടുന്നാണ് പണം ലഭിച്ചത്? നിയമവിരുദ്ധമായാണ് അവരിത് ചെയ്യുന്നത്. ആർ.എസ്.എസ് സംഘടനയായി രജിസ്റ്റർ ചെയ്യപ്പെടണമെന്ന് തന്നെയാണ് ആവശ്യമെന്നും ഹരിപ്രസാദ് പറഞ്ഞു.

അതേസമയം, ഒരു സംഘടന രജിസ്റ്റർ ചെയ്യപ്പെടണമെന്ന് നിർബന്ധമില്ലെന്ന് ബി.ജെ.പി നേതാവും കർണാടക മുൻ ഉപമുഖ്യമന്ത്രിയുമായ അശ്വന്ത് നാരായണൻ പറഞ്ഞു. 

Tags:    
News Summary - Congress Leaders Raise Concerns Over RSS Not Being Registered Organization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.