വാരാണസി: രാഹുൽ ഗാന്ധിയുടെ വിമാനത്തിന് വാരാണസി വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി നിഷേധിച്ചുവെന്ന ആരോപണമുന്നയിച്ചതിന് കോൺഗ്രസ് നേതാവ് അജയ് റായിക്കെതിരെ പൊലീസ് കേസ്.
കണ്ണൂരിൽനിന്ന് വരുകയായിരുന്ന വിമാനത്തിന് വാരാണസി വിമാനത്താവള അധികൃതർ അനുമതി നിഷേധിച്ചതിനെ തുടർന്ന് നേരെ ഡൽഹിയിലേക്ക് പോവുകയായിരുന്നുവെന്നായിരുന്നു അജയ് റായിയുടെ ആരോപണം. ഇത് വ്യാജ ആരോപണമാണെന്ന് ചൂണ്ടിക്കാട്ടി ഫുൽപുർ പൊലീസാണ് കേസെടുത്തത്. വാരാണസിയിലെ ബാബാത്പുർ വിമാനത്താവളം ഡയറക്ടർ അജയ് പഥക്കിന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും പൊലീസ് ശനിയാഴ്ച പറഞ്ഞു.
ചൊവ്വാഴ്ച രാഹുലിന്റെ വിമാനം ഇവിടെയിറങ്ങുമെന്ന് വിവരമുണ്ടായിരുന്നുവെന്നും എന്നാൽ, പിന്നീട്, നേരെ ഡൽഹിക്ക് പോവുകയാണെന്ന് എയർ ട്രാഫിക് കൺട്രോളർക്ക് സന്ദേശം വന്നുവെന്നുമായിരുന്നു വിമാനത്താവളം ഡയറക്ടർ അജയ് പഥക്കിന്റെ പ്രസ്താവന.
രാഹുലിന്റെ വിമാനത്തിന് അവസാനനിമിഷം അനുമതി നിഷേധിച്ചുവെന്നും ഇതേ തുടർന്ന് ഡൽഹിക്ക് മടങ്ങിയെന്നും അന്നേദിവസം വിമാനത്താവളം സന്ദർശിച്ച് അജയ് റായ്, ആരോപിച്ചു. പ്രയാഗ് രാജിൽ കമല നെഹ്റു ആശുപത്രിയിൽ ഒരു ചടങ്ങിനായാണ് രാഹുൽ ഇങ്ങോട്ടു തിരിച്ചതെന്നും റായ് പറഞ്ഞിരുന്നു.
ഇതിനിടെ, ബി.ജെ.പി സർക്കാറിൽനിന്നുള്ള സമ്മർദത്തെ തുടർന്നാണ് തനിക്കെതിരെ കേസെടുത്തതെന്ന് റായ് ശനിയാഴ്ച പ്രതികരിച്ചു.
അഞ്ചു തവണ ബി.ജെ.പി എം.എൽ.എ ആയിരുന്ന അജയ് റായ് 2012ൽ കോൺഗ്രസിലേക്ക് മാറുകയും 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയിൽ മത്സരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.