ഷിംല: ഹിമാചൽ നിയമസഭ തെരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയ കോൺഗ്രസ് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള പാർലമെന്‍ററി പാർട്ടി യോഗം ഇന്ന് ചേരും. കോൺഗ്രസ് സംസ്ഥാന ആസ്ഥാനമായ രാജീവ് ഭവനിൽ ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് യോഗം ചേരുക. ഹിമാചൽ പ്രദേശിന്‍റെ ചുമതലയുള്ള രാജീവ് ശുക്ല, നിരീക്ഷകൻ ഭൂപേഷ് ഭഗൽ, ഭൂപേന്ദർ ഹുഡ അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചുമതല കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് കൈമാറി എം.എൽ.എമാർ പ്രമേയം പാസാക്കും.
ഹിമാചല്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷയും വീർഭദ്ര സിങ്ങിന്റെ ഭാര്യയുമായ പ്രതിഭ സിങ്, നിലവിലെ പ്രതിപക്ഷനേതാവ് മുകേഷ് അഗ്നിഹോത്രി, പ്രചാരണ സമിതി ചെയര്‍മാനും മുൻ സംസ്ഥാന അധ്യക്ഷനുമായ സുഖ്വിന്ദര് സുഖു തുടങ്ങിയവരാണ് പേരുകളാണ് മുഖ്യമന്ത്രിപദവിയിൽ ഉയർന്നു കേൾക്കുന്നത്.
ഫലപ്രഖ്യാപനം വരുന്നതിനു മുമ്പുതന്നെ ഇവരിൽ പലരും കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹിയിലേക്ക് വണ്ടികയറിയിരുന്നു. മണ്ഡി മണ്ഡലത്തിൽ നിന്ന് എം.പിയായിട്ടുള്ള പ്രതിഭ നിയമസഭയിലേക്ക് മത്സരിച്ചിട്ടില്ല. ഭർത്താവ് വീർഭദ്ര സിങ്ങിന് ലഭിച്ചിരുന്ന പിന്തുണ തനിക്കും ഉണ്ടാകുമെന്നാണ് അവരുടെ കണക്കുകൂട്ടൽ.
അതേസമയം, മുഖ്യമന്ത്രിയാകാൻ പാർട്ടിക്കുള്ളിൽ നേതൃനിര തലപൊക്കിയത് ബി.ജെ.പി ഉപയോഗപ്പെടുത്തിയേക്കുമെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. കുതിരക്കച്ചവടത്തിന് സാധ്യതയില്ലാതാക്കാൻ എം.എൽ.എമാരെ അയൽപ്രദേശമായ ചണ്ഡിഗഢിലേക്കോ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്കോ മാറ്റിയേക്കുമെന്നാണ് വിവരം.
തെരഞ്ഞെടുപ്പ് ഫലം അനുകൂലമായതോടെ ഭൂപേന്ദർ ബാഘേൽ, ഭൂപേന്ദർ ഹുഡ, രാജീവ് ശുക്ല തുടങ്ങിയ നേതാക്കൾ സംസ്ഥാനത്തെത്തി എം.എൽ.എമാരെ സുരക്ഷിതമാക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ആറു തവണ മുഖ്യമന്ത്രിയായിരുന്ന വീർഭദ്ര സിങ്ങിന്റെ മരണത്തോടെ പദവിയിൽ കണ്ണുംനട്ട് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തുതന്നെ പൊട്ടലും ചീറ്റലും ആരംഭിച്ചിരുന്നെങ്കിലും പ്രിയങ്ക ഗാന്ധിയും ഭൂപേന്ദർ ബാഘേലും ഇടപെട്ട് താൽക്കാലികമായി പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു.
കോൺഗ്രസ് 40 സീറ്റിൽ വിജയിച്ച് സംസ്ഥാന ഭരണത്തിലേക്ക് തിരികെ പിടിച്ചു. ബി.ജെ.പിക്ക് 25 സീറ്റും സ്വതന്ത്രർ മൂന്നു സീറ്റുംന നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.