'ഞങ്ങൾക്ക്​ 700 എം.എൽ.എമാരുണ്ട്​...നിങ്ങൾക്കോ?'; മമതക്ക്​ മറുപടിയുമായി കോൺഗ്രസ്​ നേതാവ്​

കൊൽക്കത്ത: കോൺഗ്രസിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക്​ മറുപടിയുമായി പാർട്ടി സംസ്ഥാന അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി. മമതയെ ബി.ജെ.പി ഏജന്‍റെന്ന്​ വിശേഷിപ്പിച്ച അധീർ രഞ്ജൻ തന്‍റെ പാർട്ടിക്ക്​ മൊത്തം പ്രതിപക്ഷത്തിന്‍റെ 20 ശതമാനം വോട്ടുവിഹിതമുണ്ടെന്നും നിങ്ങളുടെ പാർട്ടി രാഷ്ട്രീയത്തിൽ എവിടെ നിൽക്കുന്നുവെന്ന് ചിന്തിക്കാൻ​ തൃണമൂൽ അധ്യക്ഷയോട്​ ആവശ്യപ്പെട്ടു.

'ബി.ജെ.പിയെ നേരിടാൻ ആഗ്രഹിക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിക്കണം. കോൺഗ്രസിന്‍റെ വിശ്വാസ്യത നഷ്ടപ്പെടുകയാണ്, കോൺഗ്രസിനെ ആശ്രയിക്കാൻ കഴിയില്ല'- അഞ്ച്​ നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി വഴങ്ങിയതിന്​ പിന്നാലെ കോൺഗ്രസിനെ വിമർശിച്ച്​ മമത പറഞ്ഞത്​ ​ഇപ്രകാരമായിരുന്നു.

'ഭ്രാന്തുള്ള ഒരാളോട് പ്രതികരിക്കുന്നത് ശരിയല്ല. ഇന്ത്യയിൽ കോൺഗ്രസിന്​ 700 എം.എൽ.എമാരുണ്ട്​. ദീദിക്ക് അതുണ്ടോ?. പ്രതിപക്ഷത്തിന്റെ മൊത്തം വോട്ട് വിഹിതത്തിന്റെ 20 ശതമാനമാണ് കോൺഗ്രസിനുള്ളത്. അവർക്ക്​ അതുണ്ടോ?. ബി.ജെ.പിയെ പ്രീതിപ്പെടുത്താനും അതിന്റെ ഏജന്റായി പ്രവർത്തിക്കാനുമാണ് അവർ ഇത് പറയുന്നത്'-അധീ രഞ്ജൻ ചൗധരി പറഞ്ഞു.

'എന്തുകൊണ്ടാണ് നിങ്ങൾ കോൺഗ്രസിനെതിരെ പരാമർശങ്ങൾ നടത്തുന്നത്? കോൺഗ്രസ് ഇല്ലായിരുന്നുവെങ്കിൽ മമത ബാനർജിയെപ്പോലുള്ളവർ ജനിക്കുമായിരുന്നില്ലെന്ന്​ അവർ ഓർക്കണം. ബി.ജെ.പിയെ പ്രീതിപ്പെടുത്താൻ ഗോവയിൽ പോയ അവർ കോൺഗ്രസിനെ പരാജയപ്പെടുത്തി. നിങ്ങൾ ഗോവയിൽ കോൺഗ്രസിനെ ദുർബലപ്പെടുത്തി, ഇത് എല്ലാവർക്കും അറിയാം'-അധീർ രഞ്ജൻ ചൗധരി കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശ്​, ഉത്തരാഖണ്ഡ്​, ഗോവ, മണിപ്പൂർ, പഞ്ചാബ്​ എന്നീ സംസ്ഥാനങ്ങളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്​ കനത്ത തിരിച്ചടി നേരിട്ടിരുന്നു. മറ്റ്​ നാല്​ സംസ്ഥാനങ്ങളിൽ നിലംതൊടാത്തതിന്​ പുറമെ പാർട്ടിക്ക്​ വേരോട്ടമുള്ള പഞ്ചാബ്​ ആം ആദ്​മി പാർട്ടിക്ക്​ മുന്നിൽ അടിയവ്​ വെച്ചത്​ കോൺഗ്രസിനകത്ത്​ വലിയ പൊട്ടിത്തെറികൾ സൃഷ്ടിച്ചിട്ടുണ്ട്​.

Tags:    
News Summary - congress have 700 MLAs Adhir Ranjan Chowdhurys response to Mamata Banerjee's Criticism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.