സ്ഥാനാർഥിക്കെതിരെ വ്യാജ പ്രചാരണം; മോദിക്കെതിരെ പരാതിയുമായി കോൺഗ്രസ്

പനാജി: സ്ഥാനാർഥിക്കെതിരെ വ്യാജ പ്രചാരണം നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനുമെതിരെ പരാതിയുമായി കോൺഗ്രസ്. നിരവധി ബി.​ജെ.പി നേതാക്കൾക്കുമെതിരെ പാർട്ടി പരാതി നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷൻ മുമ്പാകെയാണ് ഗോവ കോൺഗ്രസ് അധ്യക്ഷൻ അമിത് പതാക്കർ മൂന്ന് പേജുള്ള പരാതി സമർപ്പിച്ചത്.

ദക്ഷിണ ഗോവ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി വിരിറ്റോ ഫെർണാണ്ടസിനെതിരെയാണ് മോദിയും സാവന്തും വ്യാജ പ്രചാരണ നടത്തിയത്. ഫെർണാണ്ടസ് നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്താണ് വ്യാജ പ്രചാരണം. ഈ ഭാഗങ്ങൾ ഉപയോഗിച്ച് തങ്ങളുടെ സ്ഥാനാർഥിക്ക് ഭരണഘടനയോട് ബഹുമാനമില്ലെന്ന് വരുത്തി തീർക്കാനാണ് ബി.ജെ.പി ശ്രമമെന്ന് കോൺഗ്രസ് പരാതിയിൽ പറയുന്നുണ്ട്.

മുൻ സൈനികനായ ഫെർണാണ്ടസ് കാർഗിൽ യുദ്ധത്തിൽ ഉൾപ്പടെ പ​ങ്കെടുത്തയാളാണ്. ഭരണഘടനക്ക് വലിയ ബഹുമാനമാണ് അദ്ദേഹം നൽകുന്നത്. എന്നാൽ, ഭരണഘടനയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ച് വ്യാജ പ്രചാരണം നടത്തുകയാണ് മോദി ചെയ്തതെന്നും ഗുരുതരമായ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് മോദിയിൽ നിന്നും ഉണ്ടായതെന്നും പരാതിയിൽ കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നുണ്ട്.

ഏപ്രിൽ 23ന് ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ ഭരണഘടന തിരുത്തുമെന്ന കോൺഗ്രസ് ആരോപണത്തിന് മറുപടി പറയുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെർണാണ്ടസിനെതിരെ രംഗത്തെത്തിയത്. ​1961ൽ ഗോവ സ്വതന്ത്രമായതിന് ശേഷം ഇന്ത്യൻ ഭരണഘടന അടിച്ചേൽപ്പിക്കുകയായിരുന്നുവെന്ന് ഫെർണാണ്ടസ് പറഞ്ഞിട്ടുണ്ടെന്നായിരുന്നു മോദിയുടെ പ്രസ്താവന. ഇത് ഇന്ത്യയേയും അംബേദ്ക്കറേയും അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും സമാനമായ പ്രസ്താവന എക്സിലൂടെ നടത്തിയിരുന്നു.

Tags:    
News Summary - Congress files complaint against PM Modi, Goa CM Sawant for spreading "misinformation" about Viriato Fernandes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.