ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർശിദിന് പിന്നാലെ ആത്മപരിശോധനക്ക് കോൺഗ്രസ് തയാറാവണമെന്ന് ആവശ്യവുമായി കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയും രംഗത്ത്. കോൺഗ്രസ് ആത്മപരിശോധന നടത്തുകയും നില മെച്ചപ്പെടുത്തുകയും ചെയ്യേണ്ടത് കാലഘട്ടത്തിൻെറ ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
രാഹുൽ ഗാന്ധി രാജി വെച്ചതിനാൽ പാർട്ടിക്ക് നേതാവില്ലാത്ത അവസ്ഥയാണെന്നും ലോക്സഭ തെരെഞ്ഞടുപ്പിലേറ്റ പരാജയം വിലയിരുത്താൻ പോലും പാർട്ടിക്ക് സാധിച്ചില്ലെന്നും കഴിഞ്ഞ ദിവസം സൽമാൻ ഖുർശിദ് അഭിപ്രായപ്പെട്ടിരുന്നു. ഖുർശിദിൻെറ പ്രസ്താവനയോടുള്ള പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോടാണ് സിന്ധ്യയും ഇതേ ആവശ്യം ഉന്നയിച്ചത്.
‘‘മറ്റുള്ളവരുടെ പ്രസ്താവനയെ കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല. പക്ഷെ കോൺഗ്രസ് മോശം അവസ്ഥയിലാണ്. ആത്മപരിശോധന ആവശ്യമാണ്. പാർട്ടിയുടെ അവസ്ഥ വിലയിരുത്തപ്പെടുകയും മെച്ചപ്പെടുകയും വേണം. അത് കാലഘട്ടത്തിൻെറ ആവശ്യമാണ്.’’ -സിന്ധ്യ പറഞ്ഞു.
കോൺഗ്രസ് പരാജയകാരണം കണ്ടെത്താൻ അഞ്ചു മാസത്തോളമായി ബുദ്ധിമുട്ടുകയാണെന്നും രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ പദവി രാജിവെച്ചൊഴിഞ്ഞതിനാൽ പരാജയ കാരണം വിലയിരുത്താൻ സാധിച്ചില്ലെന്നുമായിരുന്നു സൽമാൻ ഖുർശിദ് കഴിഞ്ഞ ദിവസം പറഞ്ഞത്. സോണിയ ഗാന്ധിയെ ഇടക്കാല അധ്യക്ഷയാക്കിയ താൽക്കാലിക സംവിധാനത്തിൽ താൻ തൃപ്തനല്ലെന്നും നേതാവ് ആരാണെങ്കിലും അവരെ സ്ഥിരമായി വേണമെന്നും ഖുർശിദ് തുറന്നു പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.