ഡൽഹിയിൽ എ.എ.പി നാലു സീറ്റിലും കോൺഗ്രസ് മൂന്നു സീറ്റിലും മത്സരിക്കും; നാലു സംസ്ഥാനങ്ങളിലും സീറ്റുധാരണയായി

ന്യൂഡൽഹി: ബി.ജെ.പിക്കെതിരെ ഡൽഹി, ഗുജറാത്ത്, ഗോവ, ഹരിയാന, ചണ്ഡിഗഢ് എന്നിവിടങ്ങളിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും ലോക്സഭ തെരഞ്ഞെടുപ്പു സഖ്യം ഔപചാരികമായി പ്രഖ്യാപിച്ചു. 2019ൽ ബി.ജെ.പി ഏഴു സീറ്റിലും ജയിച്ച ഡൽഹിയിൽ ആപ് നാലിടത്തും കോൺഗ്രസ് മൂന്നിടത്തും സംയുക്ത സ്ഥാനാർഥിയെ നിർത്തും.

ന്യൂഡൽഹി, വെസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി, ഈസ്റ്റ് ഡൽഹി സീറ്റുകൾ ആപിനും ചാന്ദ്നി ചൗക്, നോർത്ത് ഈസ്റ്റ് ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി സീറ്റുകൾ കോൺഗ്രസിനുമാണ്. ഗുജറാത്തിൽ ഭറൂച്ച്, ഭാവ്നഗർ സീറ്റുകളിൽ ആപ് മത്സരിക്കും. ബാക്കി 24 സീറ്റുകളിൽ കോൺഗ്രസ്. ഹരിയാനയിൽ കുരുക്ഷേത്ര സീറ്റ് ആപിന്; മറ്റ് ഒമ്പത് സീറ്റുകളും കോൺഗ്രസിന്. ഗോവയിലെ രണ്ട് ലോക്സഭ സീറ്റുകളിലും കോൺഗ്രസ് മത്സരിക്കും. ചണ്ഡിഗഢിലെ ഏക സീറ്റും കോൺഗ്രസിനാണ്.

എന്നാൽ, കോൺഗ്രസും ആം ആദ്മി പാർട്ടിയുമായി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നേരിട്ടുള്ള പോരാട്ടം നടന്ന പഞ്ചാബിൽ രണ്ടു പാർട്ടികളും തമ്മിൽ സഖ്യമില്ല. പോരാട്ടം വെവ്വേറെ.

മുൻകാല ശത്രുത മാറ്റിവെച്ച് ബി.ജെ.പിയെ യോജിച്ചു നേരിടാനുള്ള തീരുമാനവും സീറ്റു ധാരണയും ചർച്ച നയിച്ച കോൺഗ്രസ് നേതാവ് മുകുൾ വാസ്നിക്, ആപ് നേതാവ് സന്ദീപ് പാഠക് എന്നിവരാണ് വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.

രാജ്യതാൽപര്യം മുൻനിർത്തിയാണ് സഖ്യം. രാജ്യത്ത് ശക്തമായ ബദൽ ആവശ്യമുണ്ട്. ബി.ജെ.പിയെ ഇൻഡ്യ മുന്നണി യോജിച്ചുനിന്ന് നേരിടും. ഈ സഖ്യംവഴി ബി.ജെ.പിയുടെ കണക്ക് തെറ്റും -അവർ കൂട്ടിച്ചേർത്തു.  

Tags:    
News Summary - Congress, AAP Announce Seat-Sharing Formula For Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.