ന്യൂഡൽഹി: ശശി തരൂർ ബി.ജെ.പിയുടെ സൂപ്പർ വക്താവാകുകയാണെന്ന് കോൺഗ്രസ് നേതാവ് ഉദിത് രാജ്. ബി.ജെ.പി നേതാക്കൾ പോലും പറയാത്ത കാര്യങ്ങളാണ് പ്രധാനമന്ത്രി മോദിയെ കുറിച്ച് തരൂർ പറയുന്നത്. കേന്ദ്രസർക്കാർ ഓപ്പറേഷൻ സിന്ദൂറിനെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന് അറിഞ്ഞിട്ടും ബി.ജെ.പി സർക്കാറിനെ പിന്തുണക്കുന്നത് ശശി തരൂർ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താനെതിരെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ സ്വീകരിച്ച നടപടികളെ വീണ്ടും പ്രകീർത്തിച്ച് ശശി തരൂർ രംഗത്തെത്തിയിരുന്നു. കാർഗിൽ യുദ്ധകാലത്ത് പോലുമുണ്ടാവാത്ത നടപടി മോദി ഭരണകാലത്ത് പാകിസ്താനെതിരെ ഉണ്ടായെന്ന് തരൂർ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനായി പനാമയിലെത്തിയപ്പോഴായിരുന്നു തരൂരിന്റെ പരാമർശം.
ഇന്ത്യയെ ആക്രമിച്ചാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഭീകരർക്ക് മനസിലായതാണ് ഈയടുത്തുണ്ടായ പ്രധാനമാറ്റമെന്ന് തരൂർ പറഞ്ഞു. ആദ്യമായി ഇന്ത്യ നിയന്ത്രണരേഖ മറികടന്ന് പാകിസ്താനെ ആക്രമിച്ചത് 2015ലെ ഉറി സർജിക്കൽ സ്ട്രൈക്കിന്റെ സമയത്തായിരുന്നു. കാർഗിൽ യുദ്ധത്തിന്റെ സമയത്തുപോലും ഇത്തരമൊരു നടപടിയുണ്ടായില്ല.
പിന്നീട് 2019ലും ഇന്ത്യ നിയന്ത്രണരേഖ മറികടന്ന് ആക്രമണം നടത്തി. ഓപ്പറേഷൻ സിന്ദൂറിൽ അന്താരാഷ്ട്ര അതിർത്തി മറികടന്നാണ് ഇന്ത്യ ആക്രമണം നടത്തിയത്. പാകിസ്താന്റെ പഞ്ചാബ് ഹൃദയഭൂമിയിലായിരുന്നു ആക്രമണം. തീവ്രവാദ ക്യാമ്പുകൾ, ട്രെയിനിങ് സെന്ററുകൾ ഉൾപ്പടെ ഒമ്പത് സ്ഥലങ്ങളിലായിരുന്നു ഇന്ത്യയുടെ ആക്രമണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.