ലഖ്നോ: ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ വിവാഹാഘോഷത്തിനിടെ അപ്രതീക്ഷിത സംഭവങ്ങൾ. ആഘോഷത്തിനിടെ ഉച്ചത്തിലുള്ള ഡി.ജെ സംഗീതത്താൽ സമീപത്തെ കോഴിഫാമിലെ 140 കോഴികൾ ചത്തതായാണ് പരാതി.
ഏപ്രിൽ 25ന് ബൽദിറായ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ദരിയാപൂർ ഗ്രാമത്തിലാണ് സംഭവം. രാം ഭദ്ര പൂർവ ഗ്രാമത്തിൽ നിന്നെത്തിയ വിവാഹസംഘം ഗ്രാമത്തിലൂടെ കടന്നുപോകുമ്പോൾ സാബിർ അലി എന്നയാളുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിന് മുന്നിൽ വച്ച് അതിശക്തമായ ശബ്ദത്തിൽ ഡി.ജെ സംഗീതം വച്ചതിനതുടർന്ന് പരിഭ്രാന്തരായ കോഴികൾ കൂടിനുള്ളിൽ പരക്കം പായുകയും ആഘാതം മൂലം ചത്തതായും സാബിർ അലി ആരോപിക്കുന്നു. 140 ഓളം കോഴികളാണ് ചത്തത്.
സംഭവത്തെത്തുടർന്ന് അലി പൊലീസിൽ പരാതി നൽകി. പിന്നാലെ കുദ്‌വാർ സ്വദേശിയായ ഡി.ജെ ഓപ്പറേറ്റർ കവി യാദവിനെതിരെ കേസെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവാഹങ്ങളിലെ ഉച്ചത്തിലുള്ള സംഗീതം മനുഷ്യരെ മാത്രമല്ല, മൃഗങ്ങളെയും പക്ഷികളെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ സംഭവം വഴിതെളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.