ഡെറാഡൂൺ: ഉത്തരാഖണ്ഡിന്റെ തലസ്ഥാന നഗരിയായ ഡെറാഡൂണിൽ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ഷോപ് ജീവനക്കാരൻ മോശമായി പെരുമാറിയെന്ന് വിദ്യാർഥി ആരോപിച്ചതിനെ തുടർന്ന് സംഘർഷം. വലതുപക്ഷ സംഘങ്ങൾ ചൊവ്വാഴ്ച നഗരത്തിലെ ഏറ്റവും വലിയ മാർക്കറ്റ് അടച്ചുപൂട്ടി. കട നടത്താനുള്ള യോഗ്യതാപത്രങ്ങൾ പരിശോധിക്കുന്നതിനായി 120ലധികം കടയുടമകളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഈ മാസം ഏഴിന് തിരക്കേറിയ പൾട്ടൻ മാർക്കറ്റിലെ ചെരുപ്പ് കടയിലെ ജീവനക്കാരൻ തന്നോട് മോശമായി പെരുമാറിയതായി പെൺകുട്ടി വീട്ടുകാരെ അറിയിച്ചതായി പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ തൊഴിലാളിയായ മുഹമ്മദ് ഉമറിനെതിരെ കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി. കുറച്ച് വർഷങ്ങളായി ഡെറാഡൂണിൽ ജോലി ചെയ്യുന്ന ഉമർ അയൽ സംസ്ഥാനമായ ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിൽ നിന്നുള്ളയാളാണ്. സെപ്റ്റംബർ എട്ടിന് അറസ്റ്റിലായ ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
പ്രതി ന്യൂനപക്ഷ സമുദായത്തിൽ നിന്നാണെന്നാരോപിച്ച് വലതുപക്ഷ സംഘങ്ങൾ മാർക്കറ്റിൽ പ്രതിഷേധം നടത്തുകയും എല്ലാ കടയുടമകളെയും അവരുടെ ജീവനക്കാരെയും പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച് പൊലീസ് 120ലധികം കടയുടമകളെ കസ്റ്റഡിയിലെടുക്കുകയും അവരുടെ രേഖകൾ പരിശോധിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. കസ്റ്റഡിയിലെടുത്ത കടയുടമകളിൽ പലരും പ്രദേശവാസികളാണെന്നും ബാക്കിയുള്ളവർ യു.പിയിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണെന്നും പോലീസ് സൂപ്രണ്ട് പ്രമോദ് കുമാർ പറഞ്ഞു. പുറത്തുനിന്നുള്ള എല്ലാവരോടും അവരുടെ പ്രാദേശിക പോലീസ് സ്റ്റേഷനിൽനിന്നുള്ള സ്ഥിരീകരണക്കത്ത് ഹാജറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭ്യമാക്കിയാൽ അവർക്ക് നഗരത്തിൽ ജോലി ചെയ്യാമെന്നും രേഖകൾ കൊണ്ടുവരാൻ നാല് ദിവസത്തെ സമയം നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
പ്രദേശത്ത് ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും സംഘം ഇരുവിഭാഗങ്ങളുമായും ചർച്ച നടത്തുകയും സമാധാനം നിലനിർത്താൻ ആഹ്വാനം ചെയ്യുകയും ചെയ്തു. കുറ്റവാളികൾക്ക് ജാതിയോ മതമോ ഇല്ലെന്ന് എസ്.എസ്.പി അജയ് സിങ് പറഞ്ഞു. നിയമം കൈയ്യിലെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാന കച്ചവട കേന്ദ്രത്തിലെ ക്രമസമാധാനം മെച്ചപ്പെടുത്തുന്നതിന് ഇരു വിഭാഗങ്ങളും ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചുവെന്നും വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പട്രോളിംഗ്, സി.സി.ടി.വി കാമറകളുടെ എണ്ണം വർധിപ്പിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നുവെന്നും സിറ്റി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.