ഇന്ത്യൻ റെയിൽവെയെ കുടഞ്ഞ് കുനാൽ കമ്ര; പിന്നാലെ ‘ഫാക്ട് ചെക്കു’മായി റെയിൽവെ

ന്യൂഡൽഹി: സ്റ്റാൻഡ് അപ് കെമേഡിയൻ കുനാൽ കമ്രക്ക് പിന്നാലെയാണിപ്പോൾ ഇന്ത്യൻ റെയിൽവെ. ‘ജാൻ ഹിത് മേൻ ജാരി’ എന്ന യൂട്യൂബ് പരമ്പരയുടെ പുതിയ എപ്പിസോഡിൽ റെയിൽവെ ജീവനക്കാരുടെയും യാത്രക്കാരുടെയും പ്രശ്നങ്ങൾ, അപകടങ്ങൾ,  ട്രാക്ക് പുതുക്കൽ ബജറ്റുകൾ, നിക്ഷേപ മുൻഗണനകൾ എന്നിവ എടുത്തുകാണിച്ചുകൊണ്ട് കമ്ര ട്രെയിനുകളുടെ അവസ്ഥയെക്കുറിച്ച് കടുത്ത ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. വിഡിയോ ചൊടിപ്പിച്ചതിനെ തുടർന്ന് കമ്രയുടെ ആരോപണത്തിന്റെ വസ്‍തുതാ പരിശോധനക്കിറങ്ങിയിരിക്കുകയാണ് റെയിൽവേ ഇപ്പോൾ.

ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തിന്റെ ഔദ്യോഗിക വസ്തുതാ പരിശോധനാ അക്കൗണ്ട് ആയ ‘റെയിൽവേ ഫാക്റ്റ് ചെക്ക്’, ക​മ്രയുടെ വിഡിയോയുടെ സ്ക്രീൻഷോട്ടുകളിലും കമ്രയുടെ മുഖത്തും ഫാൾസ് സ്റ്റിക്കർ വെച്ചുള്ള ഒരു പോസ്റ്റ് ഉടൻ പുറത്തിറക്കി. ‘ഈ വിഡിയോയിലെ ചില വസ്തുതകളും ദൃശ്യങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന സ്വഭാവമുള്ളവയാണ്. റെയിൽവേയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണിത്. അത്തരം തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പങ്കിടുന്നതിൽ നിന്ന് ദയവായി വിട്ടുനിൽക്കുക’ എന്നും അതിനൊപ്പം ചേർത്തു. ഇതെത്തുടർന്ന് തന്റെ വിഡിയോയിൽ ഏതൊക്കെ വസ്തുതകളാണ് തെറ്റിദ്ധരിപ്പിക്കുന്നതെന്ന് വ്യക്തമാക്കാൻ കമ്ര ആവശ്യപ്പെട്ടു.

‘ഒരു മാസം മുമ്പ് രൂപീകരിച്ച ഇന്ത്യൻ റെയിൽവേയുടെ വസ്തുതാ പരിശോധനാ വിഭാഗം എന്റെ വിഡിയോയിൽ നിന്ന് നാല് ചിത്രങ്ങൾ എടുത്ത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മുദ്രകുത്തി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു’വെന്ന് വസ്തുതാ പരിശോധനയുടെ ‘വസ്തുതാ പരിശോധന’യിൽ കമ്ര പറഞ്ഞു. ‘എന്റെ പോസ്റ്റിൽ എന്താണ് തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ഞാൻ ചോദിച്ചപ്പോൾ, എന്റെ മുഖം വെച്ച് അവരുടെ വസ്തുതാ പരിശോധനാ യൂനിറ്റ് ഒരു വിഡിയോ നിർമിക്കാൻ ശ്രമിച്ചുവെന്ന്’ കമ്ര പരിഹസിച്ചു. 
ഇന്ത്യയിൽ ജനാധിപത്യം ഏതാണ്ട് മരിച്ചുവെന്ന് ഞാൻ പറഞ്ഞാൽ അവർ എന്റെ വസ്തുത പരിശോധിക്കാൻ തിരക്കുകൂട്ടും. നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും വസ്തുതകൾ പ്രധാനമാണ്. ബി.ജെ.പി പ്രവർത്തകർക്കും ഐ.ടി സെൽ ട്രോളർമാർക്കും അത് മനസ്സിലാകുകയില്ല എന്നും കമ്ര കൂട്ടി​ച്ചേർത്തു.

ലോക്കോ പൈലറ്റുമാർ, ട്രാക്ക് മെയിന്റനർമാർ എന്നിവരുൾപ്പെടെ സുരക്ഷാ നിർണായക വിഭാഗങ്ങളിൽ 1.5 ലക്ഷത്തിലധികം അനുവദനീയ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുവെന്ന് തന്റെ വിഡിയോയിൽ കമ്ര അവകാശപ്പെട്ടിരുന്നു. ഈ കുറവ് നിലവിലുള്ള ജീവനക്കാരെ 14 മുതൽ 20 മണിക്കൂർ വരെ ഷിഫ്റ്റുകളിൽ ജോലി ചെയ്യാൻ നിർബന്ധിതരാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

പ്രധാനമന്ത്രി പലപ്പോഴും പച്ചക്കൊടി കാണിക്കുന്നത് കാണുന്നു. അവർ പുതിയ വിലകുറഞ്ഞ ബുള്ളറ്റ് ട്രെയിനുകൾ കൊണ്ടുവന്ന് ജനറൽ കമ്പാർട്ടുമെന്റുകളെ നശിപ്പിക്കുന്നു. എത്ര കിലോമീറ്റർ ട്രാക്ക് നിർമിച്ചു​? എത്ര ട്രാക്ക് മെയ്ന്റനർമാർ ഈ പ്രക്രിയയിൽ മരിച്ചു?-പൊതുജനങ്ങളുടെ പ്രയോജനത്തിനും ഉത്തരവാദിത്തത്തിനും വേണ്ടി ഞങ്ങൾ അത് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കും.

ഭൂരിഭാഗം ഇന്ത്യക്കാരും എ.സി അല്ലാത്ത ജനറൽ, സ്ലീപ്പർ ക്ലാസുകളിലാണ് യാത്ര ചെയ്യുന്നത്. എന്നിട്ടും റെയിൽവേ എയർ കണ്ടീഷൻ ചെയ്ത കോച്ചുകളെ കൂടുതൽ അനുകൂലിക്കുന്നുവെന്ന് കമ്ര വാദിച്ചു. ഇത് താഴ്ന്ന വരുമാനക്കാരായ യാത്രക്കാർക്ക് പ്രധാന സ്റ്റേഷനുകളിൽ തിക്കിലും തിരക്കിലും പെട്ട് അപകടകരമായ സാഹചര്യങ്ങൾ തീർക്കുന്നുവെന്നും അദ്ദേഹം വാദിച്ചു.

ഇത് ഇന്ത്യൻ റെയിൽവേയാണ്. സ്റ്റേഷൻ ക്ലോക്ക് ഒഴികെ മറ്റൊന്നും കൃത്യസമയത്ത് ഓടുന്നില്ല. ട്രെയിനുകൾ കൃത്യസമയത്ത് വരുന്നില്ല. വെബ്‌സൈറ്റ് ലോഡ് ചെയ്യുന്നില്ല. ചിലപ്പോൾ ടിക്കറ്റുകൾ സ്ഥിരീകരിക്കപ്പെടുന്നില്ല. ചിലപ്പോൾ സ്ഥിരീകരിച്ച ടിക്കറ്റുകൾ പോലും കുടുങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ തലസ്ഥാന​ത്തെ മലിനീകരണ പ്രശ്നം  ഉൾപ്പെടെ വിവിധ വിഷയങ്ങൾ സർക്കാർ കൈകാര്യം ചെയ്യുന്നതിനെ വിമർശിക്കാൻ കമ്ര തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും കോമഡി ഷോകളും പതിവായി ഉപയോഗിക്കാറുണ്ട്.  ‘ഡാറ്റ മറച്ചുവെച്ചോ പ്രചാരണം നടത്തിയോ ഈ സർക്കാർ പ്രവർത്തനത്തെയും ഉത്തരവാദിത്തത്തെയും അടിച്ചമർത്തുന്ന രീതി പുതിയതല്ല. പി.എം കെയേഴസ് ആയാലും, ഇലക്ടറൽ ബോണ്ടുകളായാലും, എ.ക്യു.ഐ മോണിറ്ററുകളായാലും, യമുനയിൽ രാസവസ്തുക്കൾ തളിച്ചാലും, അല്ലെങ്കിൽ ഒരു പ്രത്യേക പൂൾ സൃഷ്ടിച്ചാലും ഇവ നമ്മുടെ സർക്കാറിന്റെ പ്രധാന ഹോബികളിൽ ചിലത് മാത്രമാണ്. അതൊക്കെ കണ്ട് ഞെട്ടുക എന്നത് ഞങ്ങൾ ഉപേക്ഷിച്ച ഒന്നാണ്’  എന്നും അദ്ദേഹം വിഡിയോയിൽ പറഞ്ഞു. 

Tags:    
News Summary - Comedian Kunal Kamra fact-checks railways' fact-check of his video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.