കോക്രോച്ച് ജനത പാർട്ടിയുടെ വെബ്‌സൈറ്റും പൂട്ടി; രാജ്യത്തെ യുവാക്കളെ ബി.ജെ.പി സർക്കാർ അടിച്ചമർത്തുകയാണെന്ന് അഭിജീത് ദിപ്‌കെ

ന്യൂഡൽഹി: രാജ്യം ഭരിക്കുന്ന ബി.ജെ.പി സർക്കാറിനെ വെട്ടിലാക്കിയ കോക്രോച്ച് ജനത പാർട്ടിക്ക് വീണ്ടും പൂട്ട്. സി.ജെ.പിയുടെ ഔദ്യോഗിക വെബ്സൈറ്റും ഹാക്ക് ചെയ്യപ്പെട്ടെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്‌കെ അറിയിച്ചു. വെബ്സൈറ്റിൽ 10 ലക്ഷം യുവാക്കൾ അംഗങ്ങളായിരുന്നെന്നും ഒപ്പം തന്റെ സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടും ബാക്കപ്പ് അക്കൗണ്ടും അപ്രത്യക്ഷമായെന്നും ദിപ്കെ വ്യക്തമാക്കി. തന്റെ വ്യക്തിഗത എക്സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

രാജ്യത്തെ യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന വിയോജിപ്പുകളെയും ചോദ്യം ചെയ്യലുകളെയും കേന്ദ്ര സർക്കാർ അടിച്ചമർത്തുകയാണെന്നതിന്റെ തെളിവാണ് ഇതൊക്കെയെന്ന് അഭിജീത് ദിപ്‌കെ പ്രതികരിച്ചു. ബി.ബി.സിക്ക് അഭിമുഖം നൽകിക്കൊണ്ടിരിക്കെയാണ് തന്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ റദ്ദാക്കപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ട സാഹചര്യത്തിൽ, ഇനി സി.ജെ.പിയുടെ പേരിൽ വരുന്ന പോസ്റ്റുകൾക്കൊന്നും തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നും ദിപ്‌കെ അറിയിച്ചു.

അടുത്തിടെയുണ്ടായ പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി സി.ജെ.പി ആവശ്യപ്പെട്ടിരുന്നു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം, ചോദ്യം ചെയ്തവർക്കെതിരെയാണ് പുതിയ ഇന്ത്യയിൽ നടപടിയുണ്ടാകുന്നതെന്ന് ദിപ്‌കെ പരിഹസിച്ചു.

മേയ് 21ന് സി.ജെ.പിയുടെ എക്സ് ഹാൻഡിൽ ഇന്ത്യയിൽ ബ്ലോക്ക് ചെയ്തതിട്ടുണ്ടായിരുന്നു. എക്സ് അക്കൗണ്ട് പൂട്ടിയിട്ടും 'കോക്രോച്ചുകൾ ചാവില്ല' (Cockroaches Don’t Die) എന്ന ടാഗ്‌ലൈനോടെ 'കോക്രോച്ച് ഈസ് ബാക്ക്' എന്ന പേരിൽ പുതിയ ഹാൻഡിൽ ആരംഭിച്ച് സി.ജെ.പി പ്രതിരോധം തീർത്തിരുന്നു. ഇൻസ്റ്റാഗ്രാം അക്കൗണ്ട് ചുരുങ്ങിയ ദിവസങ്ങൾക്കൊണ്ട് 2 കോടിയിലധികം ഫോളോവേഴ്‌സിനെയാണ് നേടിയത്. ഭരണകക്ഷിയായ ബി.ജെ.പിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിന്റെ ഫോളോവേഴ്‌സ് എണ്ണത്തെപ്പോലും (8.8 മില്യൺ) മറികടന്നിടടുണ്ടായിരുന്നു സി.ജെ.പി. തുടർന്നാണ് ബാക്കപ്പ് പേജും വെബ്‌സൈറ്റും അപ്രത്യക്ഷമായത്.

മേയ് 15ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളെ 'പാറ്റകൾ' എന്ന് വിളിച്ചെന്ന വിവാദത്തിന് പിന്നാലെയാണ് ഈ ഡിജിറ്റൽ കൂട്ടായ്മ രൂപം കൊണ്ടത്.

Tags:    
News Summary - Cockroach Janata Party's website also shut down; Abhijeet Deepke says BJP government is suppressing the youth of the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.