ലഖ്നോ: ഫലസ്തീനെ പിന്തുണക്കുന്ന ബാഗുമായി പാർലമെന്‍റിലെത്തിയ കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യു.പി യുവാക്കളെ ഇസ്രായേലിലേക്ക് ജോലിക്ക് അയക്കുമ്പോൾ, കോൺഗ്രസ് ബാഗുമായി നടക്കുകയാണെന്ന് യോഗി പറഞ്ഞു.
യു.പി നിയമസഭയിലാണ് യോഗിയുടെ പരാമർശം. ഫലസ്തീൻ ഐക്യദാര്‍ഢ്യത്തിന്റെ ആഗോള അടയാളമായ തണ്ണിമത്തൻ ആലേഖനം ചെയ്ത, ഫലസ്താൻ എന്ന് ഇംഗ്ലീഷിയിൽ എഴുതിയ ബാഗുമായാണ് പ്രിയങ്ക തിങ്കളാഴ്ച പാർലമെന്‍റിലെത്തിയത്. ഈ ബാഗും ധരിച്ച് പാർലമെന്‍റിൽ നിൽക്കുന്ന പ്രിയങ്കയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
‘ഫലസ്തീൻ എന്നെഴുതിയ ഒരു ബാഗുമായി പാർലമെന്‍റിൽ കറങ്ങിനടക്കുകയാണ് ഒരു കോൺഗ്രസ് നേതാവ്, നമ്മൾ യു.പിയിലെ യുവാക്കളെ ഇസ്രായേലിലേക്ക് ജോലിക്ക് അയക്കുന്നു. നിർമാണ മേഖലയിൽ തൊഴിലെടുക്കാനായി യു.പിയിൽനിന്ന് ഇതുവരെ 5,600 യുവാക്കളാണ് ഇസ്രായേലിലേക്ക് പോയത്. മാസം ഒന്നര ലക്ഷം ശമ്പളത്തിനു പുറമെ, സൗജന്യ താമസവും ഭക്ഷണവും പൂർണ സുരക്ഷയും യുവാക്കൾക്ക് ലഭിക്കുന്നുണ്ട്’ -യോഗി നിയമസഭയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഫലസ്തീൻ നയതന്ത്ര പ്രതിനിധി ആബിദ് എൽറാസെഗ് അബി ജാസറുമായി പ്രിയങ്കാ കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വന്തം വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ച സമയത്ത് നയതന്ത്ര പ്രതിനിധി സമ്മാനിച്ച ബാഗാണ് പ്രിയങ്ക ലോക്‌സഭയിലേക്ക് കൊണ്ടുവന്നത്. ചൊവ്വാഴ്ച ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് പിന്തുണയറിയിക്കുന്ന ബാഗുമായാണ് പ്രിയങ്ക പാർലമെന്റിലെത്തിയത്. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമൊപ്പം നിൽക്കുമെന്ന് എഴുതിയ ബാഗുമായാണ് വന്നത്.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും നേരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ പ്രതിപക്ഷ എം.പിമാർ പാർലമെന്റിന് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ശൂന്യവേളയിൽ ബംഗ്ലാദേശ് വിഷയം പ്രിയങ്ക ഉന്നയിക്കുകയും ചെയ്തിരുന്നു. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ കേന്ദ്രസർക്കാർ ഇടപെടണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. ബംഗ്ലാദേശ് സർക്കാറുമായി ഇക്കാര്യം ചർച്ച ചെയ്യണം. അവിടെ വേദന അനുഭവിക്കുന്നവർക്ക് പിന്തുണ നൽകണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.