തിരുപ്പതി ലഡു
തിരുപ്പതി ലഡുവിൽ പാം ഓയിൽ ചേർത്തു; നെയ്യ് വിതരണക്കാരനെ അറസ്റ്റ് ചെയ്ത് ഇ.ഡി
ന്യൂഡൽഹി: തിരുപ്പതി ലഡു പ്രസാദത്തിൽ മായം കലർന്ന നെയ്യ് ഉപയോഗിച്ചെന്ന വിവാദത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടിയുമായി രംഗത്ത്. തിരുപ്പതി ലഡു തയാറാക്കാൻ ഉപയോഗിച്ച നെയ്യിൽ ഗുരുതരമായ മായം കലർത്തി വിതരണം ചെയ്ത കേസിൽ നെയ്യ് നിർമാണ കമ്പനി ഉടമയെ ഇഡി അറസ്റ്റ് ചെയ്തു.
സുകൃതി ഫുഡ്‌സിന്റെ ഉടമയായ കൈലാഷ് ചന്ദ് മംഗ്ലയെയാണ് ഇഡിയുടെ ഹൈദരാബാദ് യൂണിറ്റ് കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് ഇയാളെ വിശാഖപട്ടണത്തെ പി.എം.എൽ.എ പ്രത്യേക കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ഇഡി അറിയിച്ചു.
റിഫൈൻഡ് പാം ഓയിൽ, പാം കേർണൽ ഓയിൽ, പാം ഒലീൻ എന്നിവക്കൊപ്പം മനുഷ്യ ശരീരത്തിന് ഹാനികരമായേക്കാവുന്ന വിവിധ രാസവസ്തുക്കൾ ഉപയോഗിച്ചാണ് വ്യാജ നെയ്യ് നിർമിച്ചതെന്നാണ് കണ്ടെത്തൽ. MG-90, മോണോഗ്ലിസറൈഡ്‌സ്, മൈവാസെറ്റ് സോഫ്റ്റ് 400, അസറ്റിക് ആസിഡ് എസ്റ്റർ തുടങ്ങിയ രാസവസ്തുക്കൾ ചേർത്താണ് നെയ്യ് നിർമിച്ചത്. ഇതിനെ പിന്നീട് അഗ്മാർക്ക് സ്പെഷ്യൽ ഗ്രേഡ് പശുവിൻ നെയ്യ് എന്ന വ്യാജ ലേബലിൽ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (TTD) വിതരണം ചെയ്യുകയായിരുന്നു.
ടി.ടി.ഡിക്ക് നൽകിയ നെയ്യിലെ തട്ടിപ്പിന്റെ വ്യാപ്തിയും ഇഡി പുറത്തുവിട്ടിട്ടുണ്ട്. 2019 മുതൽ 2024 വരെയുള്ള അഞ്ച് വർഷക്കാലയളവിൽ ഏകദേശം 230 കോടി രൂപയുടെ തട്ടിപ്പ് നെയ്യാണ് ടി.ടി.ഡിക്ക് വിതരണം ചെയ്തത്. ഇതിൽ 96 കോടി രൂപയുടെ മായം കലർന്ന നെയ്യ് നിർമിച്ചത് അറസ്റ്റിലായ കൈലാഷ് ചന്ദ് മംഗ്ലയുടെ ഫാക്ടറിയിൽ വെച്ചാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
കേസിലെ പ്രധാന ഗൂഢാലോചനക്കാരിൽ ഒരാളാണ് മംഗ്ലയെന്ന് ഇഡി പറയുന്നു. മായം കലർത്താനുള്ള അസംസ്‌കൃത വസ്തുക്കൾ വാങ്ങുന്നതിനും ഫാക്ടറിയിൽ വെച്ച് വ്യാജ നെയ്യ് നിർമിക്കുന്നതിനും ഇയാൾ നേരിട്ട് നേതൃത്വം നൽകിയതായും ഇഡി വ്യക്തമാക്കി.
പിടിക്കപ്പെടാതിരിക്കാൻ വിതരണത്തിനായി നിരവധി മുഖ കമ്പനികളെയും ഇയാൾ ഉപയോഗിച്ചു. ശ്രീ വൈഷ്ണവി ഡയറി സ്പെഷ്യാലിറ്റീസ്, മാൽഗംഗ മിൽക്ക് & അഗ്രോ പ്രൊഡക്ട്സ്, എ.ആർ ഡയറി ഫുഡ്സ് തുടങ്ങിയ കമ്പനികളുടെ പേരിലാണ് ടി.ടി.ഡിക്ക് വ്യാജ നെയ്യ് എത്തിച്ചത്.
യഥാർത്ഥ പശുവിൻ നെയ്യ് നിർമിച്ച് വിതരണം ചെയ്യുന്നതായി തോന്നിപ്പിക്കുന്നതിനായി നെയ്യിന്‍റെയും റിഫൈൻഡ് പാം ഓയിലിന്റെയും വിൽപ്പനയും വാങ്ങലും സംബന്ധിച്ച് കൃത്രിമമായി വ്യാജ രേഖകളും ഇയാൾ ഉണ്ടാക്കി സൂക്ഷിച്ചിരുന്നതായും ഇഡി കണ്ടെത്തി.
കേസിൽ നേരത്തെ ഭോലെ ബാബ ഓർഗാനിക് ഡയറി മിൽക്ക് കമ്പനിയുടെ പ്രൊമോട്ടറും ഡയറക്ടറുമായ വിപിൻ ജെയിനിനെയും ഇതേ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തിരുന്നു. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.