ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ശക്തമായ മേഘവിസ്ഫോടനത്തിൽ ഒമ്പത് റോഡ് നിർമ്മാണ തൊഴിലാളികളെ കാണാതായി. ഉത്തരകാശി ജില്ലയിലെ യമുനോത്രി ദേശീയ പാതയിലാണ് ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ ഒമ്പത് തൊഴിലാളികൾ ഒഴുക്കിൽ പെട്ടതായി സംശയിക്കുന്നത്.
യമുനോത്രി ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ ബാർകോട്ട് പ്രദേശത്തെ സിലായ് വളവിനു സമീപം ജോലിചെയ്യുന്ന തൊഴിലാളികളെയാണ് കാണാതായതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ദുരന്ത നിവാരണ അതോറിറ്റി സംഘം പ്രദേശത്തെത്തി നടത്തിയ തിരച്ചിലിനിടയിലാണ് റോഡ് നിർമ്മാണ തൊഴിലാളികൾ ടെന്റുകൾ കെട്ടി താമസിച്ചിരുന്നതായി കണ്ടെത്തിയത്. കനത്ത മഴയിൽ അവയിൽ ചിലത് ഒഴുകിപോയിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസും ദുരന്ത നിവാരണ അതോറിറ്റിയും സംശയം പ്രകടിപ്പിക്കുന്നത്.
ഇതുവരെ ഒമ്പതുപേരെ കാണാതായിട്ടുണ്ട്. ഇവരെല്ലാം തന്നെ നേപ്പാൾ വംശജരാണ്. ഇവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് ബാർകോട്ട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ദീപക് കഥൈത്ത് പറഞ്ഞു. മേഘവിസ്ഫോടനത്തെതുടർന്ന് സിലായ് വളവ് ഉൾപ്പെടെയുള്ള പലസ്ഥലങ്ങളിലെയും ദേശീയപാതകൾ അടച്ചിരിക്കുകയാണ്. ജില്ലയിലെ പലപ്രദേശങ്ങളിലും കനത്തമഴയിൽ വ്യാപക കൃഷിനാശം സംഭവിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ യമുന ഉൾപ്പെടെയുള്ള നദികളിൽ ജലനിരപ്പ് ഇനിയും ഉയരുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.