ന്യൂഡൽഹി: അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ സ്കൂൾ പീയൂണും കൂട്ടാളികളും ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. 54 കാരനായ പ്യൂണിനെ അറസ്റ്റ് ചെയ്തതായി ഡൽഹി പൊലീസ് അറിയിച്ചു. അജയ് എന്ന പ്യൂണിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇയാളുടെ കൂട്ടാളികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അവർ പറഞ്ഞു.
ഗാസിയാബാദിൽ താമസിച്ചിരുന്ന ഉത്തർപ്രദേശിലെ ജൗൻപൂർ സ്വദേശിയായ അജയ് കഴിഞ്ഞ 10 വർഷമായി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ സ്‌കൂളിൽ പ്യൂണായി ജോലി ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ (ഡി.സി.ഡബ്ല്യു) സിറ്റി പൊലീസിനും എം.സി.ഡിക്കും നോട്ടീസ് അയച്ചു. മാർച്ച് 14 നാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം പെൺകുട്ടി സ്‌കൂളിൽ പോകുന്നത് നിർത്തുകയും അവസാന പരീക്ഷ ഒഴിവാക്കുകയും ചെയ്തു.
അടിയന്തര നടപടി സ്വീകരിക്കാത്തതിനും ഉന്നത അധികാരികളെ ഉടൻ അറിയിക്കാത്തതിനും സ്‌കൂൾ പ്രിൻസിപ്പലിനും ക്ലാസ് ടീച്ചർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി എം.സി.ഡി പ്രസ്താവനയിൽ പറഞ്ഞു. അധ്യാപിക കുടുംബത്തെ വിളിച്ച് വിവരം ആരാഞ്ഞപ്പോഴാണ് ബലാത്സംഗ വിവരം പുറത്തറിയുന്നത്. പെൺകുട്ടിയെ പ്രതികൾ സ്കൂളിൽനിന്ന് പുറത്ത് കൂട്ടിക്കൊണ്ടുപോയാണ് പീഡനത്തിന് ഇരയാക്കിയത്. ഗാസിപൂർ സ്‌കൂൾ പ്രിൻസിപ്പലും സഹ അധ്യാപകരും ചേർന്ന് ബുധനാഴ്ചയാണ് സംഭവം പൊലീസിൽ അറിയിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഈസ്റ്റ്) അമൃത ഗുഗുലോത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.