ജന്തർ മന്തർ പ്രതിഷേധം: പൊലീസുകാരെ കൈയേറ്റം ചെയ്തെന്ന പേരിൽ വനിതാ മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: ജന്തർ മന്തറിൽ പൊലീസ് മോശമായി പെരുമാറിയ സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടെ വനിതാ മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തതായി വിവരം. പൊലീസുകാരെ കൈയേറ്റം ചെയ്തെന്ന പേരിൽ ഡൽഹി കാന്റ് പൊലീസ് സ്റ്റേഷനിലാണ് മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തതെന്ന് ആൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ ദേശീയ അധ്യക്ഷ നേഹ ബോറ എക്സിൽ കുറിച്ചു.

അഭിഭാഷകരുടെ സംഘം ഇവരുമായി ബന്ധപ്പെട്ടുവരുന്നതായും അവർ അറിയിച്ചു. പൊലീസ് സ്റ്റേഷനിൽ ഉടൻ എത്താൻ കഴിയുന്ന അഭിഭാഷകരോട് തന്നെ ബന്ധപ്പെടാനും ​നേഹ ബോറ അഭ്യർഥിച്ചു.

ഒക്ടോബർ മൂന്നിന് ജന്തർ മന്തറിന് സമീപം മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെയാണ് വനിത മാധ്യമപ്രവർത്തകരോ​ട് അസിസ്റ്റന്റ് പൊലീസ് കമീഷണർ വിവേക് ​​ഭഗത് മോശമായി പെരുമാറിയത്. പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ പൊലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും അനാവശ്യമായി സ്പർശിച്ചെന്നുമാണ് മൂന്ന് വനിതാ മാധ്യമപ്രവർത്തകരുടെ പരാതി. പരാതികളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തകരും പ്രവർത്തകരും പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.

അതേസമയം, വനിത മാധ്യമപ്രവർത്തകരുടെ പരാതി ക്രൈം ബ്രാഞ്ചിന് കൈമാറിയതായാണ് വിവരം. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തുന്നതിനാണ് പരാതികൾ ക്രൈം ബ്രാഞ്ചിന് കൈമാറിയതെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ പ്രസ് ക്ലബ് ഓഫ് ഇന്ത്യ ഞെട്ടലും നിരാശയും പ്രകടിപ്പിക്കുകയും പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൂടാതെ ഡൽഹി ​പൊലീസിനും ​കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുമെതിരെ കോൺഗ്രസ് എം.പിമാരായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോക്രോച് ജനതാ പാർട്ടിയും രംഗത്തെത്തിയിരുന്നു.

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലെ കാലതാമസത്തെ രാഹുൽഗാന്ധി ചോദ്യം ചെയ്തു. സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന പൊലീസ് സേനയിൽ നിന്ന് തന്നെ ഭീഷണി നേരിടുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. എ.സി.പി ഭഗത് വനിതാ മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറുകയും അനുചിതമായി സ്പർശിക്കുകയും ചെയ്തുവെന്ന് പറഞ്ഞ സി.ജെ.പി, എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്ത് എ.സി.പിയെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

Tags:    
News Summary - Women journalists detained after groping charge against cops AISAs Neha Bora

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.