ന്യൂഡൽഹി: രാജസ്ഥാനിലെ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളെ ചൊല്ലിയുള്ള വിവാദം തുടരുന്നതിനിടെ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിനെതിരെ പുതിയ വെല്ലുവിളിയുമായി സി.ജെ.പി വക്താവ് അശുതോഷ് റങ്ക.
മന്ത്രിയുടെ കാലയളവിൽ നിർമിച്ച ഏറ്റവും മികച്ച 10 വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കണമെന്നാണ് റങ്ക ആവശ്യപ്പെട്ടത്. പശ്ചിമ ബംഗാളിലെ മൂന്ന് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ജയ്പൂരിൽ തിരിച്ചെത്തിയ ശേഷം രാജസ്ഥാനിലെ വിവിധ സ്കൂളുകൾ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ സ്കൂളുകളിൽ പുറത്തുനിന്നുള്ളവർ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് ആഗസ്റ്റ് 16ന് പുറത്തിറക്കിയ ഉത്തരവിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പുതിയ പ്രതികരണം. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കുന്ന `സ്കൂൾ ടീക്ക് കരോ' ക്യാമ്പയിൻ തുടരുമെന്ന് അശുതോഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്കൂളുകളുടെ അവസ്ഥ പരിശോധിക്കുന്നതിന്റെ പേരിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്താലും പരിശോധന നിർത്തില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
രാജസ്ഥാൻ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ ലളിത് കുമാർ പുറപ്പെടുവിച്ച സർക്കുലറിൽ സർക്കാർ സ്കൂളുകളിലേക്കുള്ള പുറത്തുനിന്നുള്ളവരുടെ പ്രവേശനത്തിന് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രിൻസിപ്പലിന്റെയോ സ്ഥാപന മേധാവിയുടെയോ മുൻകൂർ അനുമതിയില്ലാതെ പുറത്തുനിന്നുള്ളവർക്ക് സ്കൂൾ വളപ്പിൽ പ്രവേശിക്കാനാകില്ല. ഔദ്യോഗിക ചുമതലകളുമായി എത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇതിൽ ഇളവുള്ളത്.
സ്കൂളിൽ പ്രവേശിക്കുന്ന ഓരോ സന്ദർശകനും സന്ദർശക രജിസ്റ്ററിൽ വിവരങ്ങൾ രേഖപ്പെടുത്തണം. അധ്യാപകന്റെയോ അധികൃത ജീവനക്കാരുടേയോ സാന്നിധ്യമില്ലാതെ ക്ലാസ് മുറികൾ, ലാബുകൾ, ലൈബ്രറികൾ, ഹോസ്റ്റലുകൾ, കളിസ്ഥലങ്ങൾ, ശുചിമുറികൾ, വിദ്യാർത്ഥികളുടെ പ്രവർത്തന മേഖലകൾ എന്നിവിടങ്ങളിലേക്ക് പുറത്തുനിന്നുള്ളവർ പ്രവേശിക്കാനും പാടില്ല.
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ, വീഡിയോകൾ, അഭിമുഖങ്ങൾ, ഓഡിയോ റെക്കോർഡിങ്, ലൈവ് സ്ട്രീമിങ് എന്നിവ മുൻകൂർ രേഖാമൂലമുള്ള അനുമതിയില്ലാതെ നടത്തുന്നതിനും വിലക്കുണ്ട്. വിദ്യാർത്ഥികളുടെ സുരക്ഷ, സ്വകാര്യത, മാന്യത എന്നിവക്ക് ഭീഷണിയാകുന്ന തരത്തിൽ അവരുടെ ചിത്രങ്ങളോ വ്യക്തിഗത വിവരങ്ങളോ ശേഖരിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അതേസമയം, സർക്കാർ സ്കൂളുകളുടെ നിലവാരം പരിശോധിക്കുന്ന തങ്ങളുടെ `സ്കൂൾ ടീക്ക് കരോ' ക്യാമ്പയിൻ തുടരുമെന്ന നിലപാടിലാണ് സി.ജെ.പി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.