എച്ച്.ഡി കുമാരസ്വാമി, സോണിയ ഗാന്ധി 

'സിരകളിൽ ഒഴുകുന്നത് ഇറ്റാലിയൻ ചോര': സോണിയാ ഗാന്ധിക്കെതിരെ വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി

ബെംഗളൂരു: സ്വാതന്ത്ര്യദിനത്തിൽ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്കിടെ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ കടുത്ത വ്യക്തിപരമായ അധിക്ഷേപവുമായി കേന്ദ്രമന്ത്രിയും ജെഡി(എസ്) നേതാവുമായ എച്ച്.ഡി. കുമാരസ്വാമി. സോണിയാ ഗാന്ധിയുടെ ദേശീയതയെ ചോദ്യം ചെയ്ത അദ്ദേഹം, അവരുടെ സിരകളിൽ ഒഴുകുന്നത് ഇറ്റാലിയൻ രക്തമാണെന്ന് പ്രസ്താവിച്ചു.

ഹാസനിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു കുമാരസ്വാമിയുടെ വിവാദ പരാമർശം. "സോണിയാ ഗാന്ധി യഥാർത്ഥത്തിൽ നമ്മുടെ രാജ്യത്തുനിന്നുള്ള ആളല്ലല്ലോ. വിവാഹത്തിന് ശേഷമാണ് അവർ ഇന്ത്യയിലേക്ക് വന്നത്. അവരുടെ സിരകളിൽ ഒഴുകുന്നത് ഇറ്റാലിയൻ രക്തമാണ്. അതിനാൽ ഇന്ത്യൻ വികാരങ്ങളെ എതിർക്കുന്ന സമീപനമാണ് അവർ സ്വീകരിക്കുന്നത്" എന്ന് കുമാരസ്വാമി ആരോപിച്ചു.

കോൺഗ്രസ് ആസ്ഥാനത്തെ സ്വാതന്ത്ര്യദിന ചടങ്ങിൽ വന്ദേമാതരത്തിന്റെ പൂർണരൂപം ആലപിച്ചപ്പോൾ സോണിയാ ഗാന്ധി ഇടപെട്ട് തടയാൻ ശ്രമിച്ചുവെന്ന ബിജെപിയുടെ ആരോപണങ്ങൾക്ക് പിന്നാലെയാണ് കുമാരസ്വാമിയുടെ പ്രതികരണം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ഇരിക്കാൻ കസേര ആവശ്യപ്പെടുക മാത്രമാണ് സോണിയ ചെയ്തതെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ വിശദീകരണത്തെയും അദ്ദേഹം തള്ളി. ഇത്തരം നുണകൾ പറഞ്ഞ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കോൺഗ്രസിന് കഴിയില്ലെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു. 

കുമാരസ്വാമിയുടെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത പ്രതിഷേധവുമായി കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) രംഗത്തെത്തി. രാഷ്ട്രീയ നേട്ടങ്ങൾക്കായി രാഷ്ട്രീയ സംവാദങ്ങളുടെ നിലവാരം താഴ്ത്തുന്ന വ്യക്തിയാണ് കുമാരസ്വാമിയെന്നും നിരാശയിൽ നിന്നാണ് ഇത്തരം പ്രസ്താവനകൾ ഉണ്ടാകുന്നതെന്നും കോൺഗ്രസ് നേതാക്കൾ തിരിച്ചടിച്ചു. രാജ്യം മുഴുവൻ ആദരിക്കുന്ന ഒരു വനിതാ നേതാവിനെതിരെ തരംതാണ പരാമർശം നടത്തിയ കുമാരസ്വാമി മാപ്പ് പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു

Tags:    
News Summary - 'Italian Blood In Her Veins': HD Kumaraswamy Attacks Sonia Gandhi Amid Vande Mataram Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.