ലഖ്നോ: സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ഹിന്ദു വിദ്യാർഥിനികൾ ബുർഖ ധരിച്ച് നൃത്തം ചെയ്യുന്നതായി ആരോപിക്കപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ സ്വകാര്യ സ്കൂൾ പൂട്ടി സീൽ ചെയ്തു. സ്കൂൾ ആവശ്യമായ അംഗീകാരമില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
ബഭൻജോത് മേഖലയിലെ ഔസാനി ബുസുർഗ് ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്കൂളിൽ പരിശോധന നടത്താൻ നിർദേശം നൽകി. പരിശോധനക്കിടെ സ്കൂൾ അംഗീകാരമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ ജില്ലാ അടിസ്ഥാന വിദ്യാഭ്യാസ ഓഫീസർ അമിത് കുമാർ സിങ്, ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ റിയാസ് അഹമ്മദിനോട് സ്കൂൾ പരിശോധിക്കാൻ നിർദേശം നൽകി.
സ്കൂളിന്റെ പ്രവർത്തനം നിർത്തിവെക്കാൻ ഒരാഴ്ച മുമ്പ് മാനേജ്മെന്റിന് നിർദേശം നൽകിയിരുന്നെങ്കിലും ഉത്തരവ് പാലിക്കാതെ സ്ഥാപനം പ്രവർത്തനം തുടരുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സ്കൂൾ അംഗീകാരമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ മാനേജരുടെയും പ്രിൻസിപ്പലിന്റെയും ഓഫീസുകളും പ്രധാന കവാടവും ഉൾപ്പടെ പൂട്ടി കെട്ടിടം സീൽ ചെയ്തതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. പരിശോധനയുടെയും സ്കൂൾ സീൽ ചെയ്തതിന്റെയും റിപ്പോർട്ട് ജില്ലാ അടിസ്ഥാന വിദ്യാഭ്യാസ ഓഫീസർക്ക് സമർപ്പിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
അംഗീകാരമില്ലാത്ത സ്കൂളിൽ പഠിച്ചിരുന്ന വിദ്യാർഥികളെ സമീപത്തെ സർക്കാർ സ്കൂളുകളിലോ മറ്റ് അംഗീകൃത സ്കൂളുകളിലോ പ്രവേശിപ്പിക്കാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.