ശരീരം നീറുന്ന അപൂർവ്വ രോഗം; ദിവസം മുഴുവൻ വെള്ളത്തിൽ മുങ്ങിക്കിടന്ന പതിനാറുകാരന് കൈത്താങ്ങായി ആനന്ദ് അംബാനി

കൊൽക്കത്ത : ശരീരത്തിൽ കഠിനമായ പുകച്ചിലും അസഹനീയമായ വേദനയും,വെള്ളത്തിൽ നിന്ന് പുറത്തിറങ്ങിയാൽ കാറ്റടിച്ചാൽ പോലും പൊള്ളുന്ന അസ്വസ്ഥത. വർഷങ്ങളായി നേരിടുന്ന ഈ ദുരൂഹ രോഗാവസ്ഥയ്ക്ക് ആശ്വാസം കണ്ടെത്താൻ ദിവസവും മണിക്കൂറുകളോളം കുളത്തിലെ വെള്ളത്തിൽ മുങ്ങിക്കിടന്ന വെസ്റ്റ് ബംഗാൾ സ്വദേശിയായ കൗമാരക്കാരൻ ഒടുവിൽ പ്രതീക്ഷയുടെ തീരത്തേക്ക്. മുർഷിദാബാദിലെ ബെൽദംഗ സ്വദേശിയായ ഇഖ്ബാൽ ഷെയ്ഖ് എന്ന പതിനാറുകാരന്റെ വേദനനിറഞ്ഞ ജീവിത കഥയാണ് ഇപ്പോൾ രാജ്യം മുഴുവൻ ചർച്ചചെയ്യപ്പെടുന്നത്.

ശരീരത്തിലെ അസഹനീയമായ പുകച്ചിൽ കുറയ്ക്കാൻ വെള്ളമല്ലാതെ മറ്റ് വഴികളില്ലാത്തതിനാൽ, ഭക്ഷണം കഴിക്കുന്നതുൾപ്പെടെ ദിവസം മുഴുവൻ ഇഖ്ബാൽ കുളത്തിലിറങ്ങിയാണ് കഴിച്ചുകൂട്ടിയിരുന്നത്. പ്രദേശവാസികൾ നൽകുന്ന ഭക്ഷണമായിരുന്നു ആശ്വാസം. ഇഖ്ബാലിന്റെ അവസ്ഥ കാണിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ഈ ദാരുണസംഭവം ലോകമറിയുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മികച്ച ചികിത്സ നൽകാൻ കുടുംബത്തിന് സാധിച്ചിരുന്നില്ല.

സംഭവത്തെക്കുറിച്ച് അറിഞ്ഞ റിലയൻസ് ഇൻഡസ്ട്രിസ് എക്സിക്യൂട്ടീവ് ഡയറക്ടർ ആനന്ദ് അംബാനി ഇഖ്ബാലിന്റെ ചികിത്സ ഏറ്റെടുക്കാൻ മുന്നോട്ടുവരികയായിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം വിദഗ്ധ ഡോക്ടർമാരുടെ സംഘം ബെൽദംഗയിലെത്തി ഇഖ്ബാലിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി. തുടർന്ന് ആംബുലൻസിൽ കൊൽക്കത്ത എയർപോർട്ടിലെത്തിച്ച കുട്ടിയെ, പ്രത്യേക മെഡിക്കൽ വിമാനത്തിൽ മുംബൈയിലേക്ക് മാറ്റി. നിലവിൽ മുംബൈയിലെ സർ എച്ച്.എൻ. റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇഖ്ബാലിന് വിദഗ്ധ ചികിത്സ ആരംഭിച്ചുകഴിഞ്ഞു.

വർഷങ്ങളായി നീറിപ്പുകയുന്ന ഈ അപൂർവ രോഗാവസ്ഥയുടെ കൃത്യമായ കാരണം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ഡോക്ടർമാർ. അതേസമയം, ദീർഘനേരം വെള്ളത്തിൽ കിടക്കുന്നത് മൂലം ചർമ്മത്തിന് ഉണ്ടാകുന്ന 'സ്കിൻ മാസറേഷൻ' (ചർമ്മം വിളറി വെളുത്ത് അണുബാധയ്ക്ക് സാധ്യത കൂട്ടുന്ന അവസ്ഥ) പോലെയുള്ള മറ്റ് പാർശ്വഫലങ്ങളും ഡോക്ടർമാർ പരിശോധിച്ചുവരുന്നു. വർഷങ്ങൾ നീണ്ട ദുരിതങ്ങൾക്കൊടുവിൽ മകന് കൃത്യമായ രോഗനിർണ്ണയവും മികച്ച ചികിത്സയും ലഭ്യമാകുന്നതിന്റെ പ്രതീക്ഷയിലാണ് ഇഖ്ബാലിന്റെ കുടുംബം.

മെഡിക്കൽ ലോകം ഇഖ്ബാലിന്റെ കേസിനെ അതീവ ശ്രദ്ധയോടെയാണ് കാണുന്നത്. ആദ്യഘട്ട വിലയിരുത്തലുകൾ അനുസരിച്ച്, ചർമ്മത്തിലോ നാഡീവ്യൂഹത്തിലോ ഉണ്ടാകുന്ന അപൂർവ തകരാറുകളാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണം. അന്തരീക്ഷ വായുവുമായോ താപനിലയിലുണ്ടാകുന്ന മാറ്റങ്ങളുമായോ ചർമ്മം സമ്പർക്കത്തിൽ വരുമ്പോൾ നാഡികൾ അതിതീവ്രമായി പ്രതികരിക്കുകയും ശരീരത്തിലുടനീളം സഹിക്കാനാവാത്ത പുകച്ചിലും ചൊറിച്ചിലും അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്.

വെള്ളം നൽകുന്ന ആശ്വാസം: ചർമ്മത്തിലെ നാഡീഞരമ്പുകൾ നൽകുന്ന അമിത സിഗ്നലുകളെ ശമിപ്പിക്കാനും തണുപ്പ് നൽകാനും വെള്ളത്തിൽ കിടക്കുന്നതിലൂടെ സാധിക്കുന്നു. അതിനാലാണ് ഇഖ്ബാൽ കുളത്തിൽ അഭയം പ്രാപിച്ചത്. ഇത്തരം രോഗങ്ങൾക്ക് കൃത്യമായ ഡെർമറ്റോളജിക്കൽ, ന്യൂറോളജിക്കൽ പരിശോധനകൾ അത്യാവശ്യമാണ്. നിലവിൽ മുംബൈ റിലയൻസ് ആശുപത്രിയിലെ ഡോക്ടർമാർ ഇഖ്ബാലിന് വിപുലമായ ബ്ലഡ് ടെസ്റ്റുകളും ചർമ്മ ബയോപ്സിയും നാഡീ പരിശോധനകളും നടത്തി രോഗ നിർണ്ണയം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്.

Tags:    
News Summary - Anand Ambani Steps in to Help 16-Year-Old West Bengal Boy Suffering from Rare Burning Skin Condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.