പ്രതീകാത്മക ചിത്രം

സഹപാഠികളുടെ വെള്ളകുപ്പികളിൽ മൂത്രം ഒഴിച്ച് ആറാംക്ലാസ് വിദ്യാർഥി; പത്തുരൂപയുടെ ചോ​ക്ലേറ്റ് കഴിച്ചാൽ മതിയെന്ന് പ്രധാനാധ്യാപകൻ, പരാതിയിൽ അന്വേഷണം

ഭോപാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിലെ സർക്കാർ സ്കൂളിൽ വിദ്യാർഥിനികളുടെ കുടിവെള്ള കുപ്പികളിൽ മൂത്രം നിറച്ചതായി ആരോപണം. അഞ്ച് പെൺകുട്ടികളുടെ വെള്ളക്കുപ്പികളിലാണ് ആറാം ക്ലാസ് വിദ്യാർഥി മൂത്രം ഒഴിച്ചതെന്നാണ് പരാതി. അരോൺ താലൂക്കിലെ ഘട്ടവാഡ സർക്കാർ മിഡിൽ സ്കൂളിലാണ് സംഭവം.

കുപ്പിയിൽനിന്ന് അസാധാരണമായ ദുർഗന്ധം അനുഭവപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഒരു വിദ്യാർഥിനി കുപ്പി തുറന്നപ്പോൾ ദുർഗന്ധത്തോടൊപ്പം മഞ്ഞനിറത്തിലുള്ള ദ്രാവകം ശ്രദ്ധിച്ചതായും തുടർന്ന് കുപ്പിയിലെ വെള്ളം പുറത്തേക്ക് ഒഴിച്ചുകളഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ പെൺകുട്ടികൾ സ്കൂൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പ്രധാനാധ്യാപകനോട് പരാതി പറഞ്ഞപ്പോൾ അദ്ദേഹം ‘വെള്ളത്തിന് രുചിയില്ലെങ്കിൽ പത്തുരൂപയുടെ ചോ​ക്ലേറ്റ് കഴിച്ചാൽ മതി’യെന്ന് മറുപടി പറഞ്ഞതായും വിദ്യാർഥിനികൾ ആരോപിച്ചു. സംഭവം പുറത്തുപറയരുതെന്നും പ്രധാനാധ്യാപകൻ പറഞ്ഞതായി പെൺകുട്ടികൾ പറയുന്നു.

വിവാദ​മാ​യതോടെ, സംഭവം നടന്ന സമയത്ത് താൻ സ്കൂളിൽ ഉണ്ടായിരുന്നില്ലെന്ന മറുപടിയുമായി സ്കൂൾ പ്രിൻസിപ്പൽ മൂൽചന്ദ് കൗശിക് രംഗത്തെത്തി. ആ ദിവസം ഓഡിറ്റിനായി താൻ ആരോണിൽ നിന്ന് ഗുണയിലേക്ക് യാത്ര ചെയ്തിരുന്നുവെന്നും തന്റെ സാന്നിധ്യത്തിലല്ല സംഭവം നടന്നതെന്നും അദ്ദേഹം പറഞ്ഞു.

വീട്ടിലെത്തിയ ശേഷം കുട്ടികൾ മാതാപിതാക്കളെ വിവരം അറിയിച്ചതോടെ രക്ഷിതാക്കൾ സ്കൂളിലെത്തി അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടു. ആരോപണവിധേയനായ വിദ്യാർഥിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. തുടർന്ന് ആരോൺ എസ്.ഡി.എം മഞ്ജുഷ ഖത്രിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്കൂളിലെത്തി അന്വേഷണം നടത്തി. ആരോപണവിധേയനായ വിദ്യാർഥിയെയും മാതാപിതാക്കളെയും വിളിച്ചുവരുത്തി കൗൺസലിങ് നടത്തിയതായാണ് വിവരം.

സംഭവത്തിൽ ഗുണ ജില്ലാ കലക്ടർ കിഷോർ കുമാർ കന്യാൽ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രിൻസിപ്പലിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തതായാണ് വിവരം. സംഭവത്തെ അതീവ ലജ്ജാകരമെന്ന് വിശേഷിപ്പിച്ച കലക്ടർ, ഇത്തരമൊരു സംഭവം സ്കൂളിൽ ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി തീരുമാനിക്കുമെന്നും വ്യക്തമാക്കി.

Tags:    
News Summary - MP School Class 6 Boy Accused of Urinating in 5 Girls Water Bottles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.