കമൽതായ് ഗവായ്
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ആർ.എസ്.എസ് പരിപാടിയിൽ മുഖ്യാതിഥിയാവാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ മാതാവും ആക്ടിവിസ്റ്റുമായ കമൽതായ് ഗവായ്. മഹാരാഷ്ട്രയിലെ അമരാവതിയിൽ ഒക്ടോബർ അഞ്ചിന് നടക്കുന്ന വിജയദശമി ആഘോഷത്തിലാണ് കമൽതായ് മുഖ്യാതിഥിയായെത്തുന്നത്.
കമൽതായ് പരിപാടിയിൽ പങ്കെടുക്കുമെന്ന് ചീഫ് ജസ്റ്റിസിന്റെ സഹോദരനും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (ആർ.പി.ഐ) നേതാവുമായ ഡോ. രാജേന്ദ്ര ഗവായ് സ്ഥിരീകരിച്ചു. ‘രാഷ്ട്രീയത്തിന്റെ അതിർത്തിക്കപ്പുറവും പാർട്ടി പരിധികൾക്കപ്പുറവുമുള്ള ബന്ധങ്ങൾ ഗവായ് കുടുംബം എപ്പോഴും നിലനിർത്തിയിട്ടുണ്ട്,’- ഡോ. രാജേന്ദ്ര ഗവായ് പറഞ്ഞു.
അതേസമയം വിഷയത്തിൽ മുൻ സ്കൂൾ അധ്യാപികയായ കമൽതായിയുടെ പ്രതികരണം ലഭ്യമായിട്ടില്ല. നാഗ്പൂരിൽ ആർ.എസ്.എസ് ആസ്ഥാനത്ത് നടക്കുന്ന വിജയദശമി ചടങ്ങുകൾക്ക് തുടർച്ചയായാവും അമരാവതിയിലെ പരിപാടികൾ.
‘ദാദാസാഹേബ് ഗവായി’ എന്ന് സ്നേഹപൂർവ്വം വിളിക്കപ്പെട്ടിരുന്ന മഹാരാഷ്ട്ര മുൻ ഗവർണർ പരേതനായ രാമകൃഷ്ണ ഗവായിയുടെ ഭാര്യ എന്ന നിലയിലും ഒരു ആക്ടിവിസ്റ്റ് എന്ന നിലയിലുമാണ് പരിപാടിയിൽ കമൽതായിയെ ക്ഷണിക്കുന്നതെന്ന് ആർ.എസ്.എസ് വ്യക്തമാക്കിയിട്ടുണ്ട്.
ക്ഷണിക്കുന്നതിന് മുമ്പ് കമൽതായിയുടെ സമ്മതം വാങ്ങിയിരുന്നുവെന്നും ക്ഷണക്കത്തിൽ അവരുടെ പേര് എങ്ങനെ പ്രത്യക്ഷപ്പെടണമെന്ന് പോലും ചോദിച്ച് അറിഞ്ഞിരുന്നുവെന്നും ആർ.എസ്.എസ് ആശയവിനിമയ വിഭാഗമായ വിശ്വ സംവാദ് കേന്ദ്ര വ്യക്തമാക്കി. ‘നാഗ്പൂരിൽ ആർ.എസ്.എസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങുകളുമായി അമരാവതിയിലെ പരിപാടികൾക്ക് ബന്ധമില്ല. അമരാവതിയിലെ ഉത്തരവാദിത്വപ്പെട്ട സ്വയംസേവകർ അവരുടെ (ഗവൈ) അടുത്തേക്ക് പോയി, ഔദ്യോഗിക ക്ഷണം നൽകി, അവർ അത് സ്വീകരിച്ചു,’- സംവാദ് കേന്ദ്ര വ്യക്തമാക്കി.
‘സംഘത്തിന്റെ പരിപാടി അമരാവതിയിലാണ് നടക്കുന്നത്, ആയ് സാഹിബ് (അമ്മ) ക്ഷണം സ്വീകരിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ, ബാരിസ്റ്ററും രാജ്യസഭയുടെ മുൻ ഡെപ്യൂട്ടി ചെയർമാനുമായ ബി.ഡി. ഖോബ്രഗഡെ, ദാദാസാഹിബ് ഗവായി തുടങ്ങിയ നേതാക്കൾ നാഗ്പൂരിൽ നടന്ന സംഘത്തിന്റെ വിജയദശമി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. എന്റെ സഹോദരൻ വഹിക്കുന്ന പദവി ചൂണ്ടിയാണ് ചിലർ ഇത് വിവാദമാക്കുന്നത്. അവർ ഞങ്ങളുടെ കുടുംബത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. ഞങ്ങൾ ക്ഷേത്രങ്ങളിലും പള്ളികളിലും ഒരേ ആദരവോടെയാണ് പോകുന്നത്. എന്നാൽ, ഒരുവിഭാഗം ആളുകൾ മനഃപൂർവ്വം ഞങ്ങളെക്കുറിച്ച് മോശമായി സംസാരിക്കുകയും തെറ്റായ പരാമർശങ്ങൾ നടത്തുകയും ചെയ്യുന്നു’- രാജേന്ദ്ര മറുപടി നൽകി.
അടൽ ബിഹാരി വാജ്‌പേയി മുതൽ ഇന്ദിരാഗാന്ധി വരെയുള്ള എല്ലാ നേതാക്കളുമായും തങ്ങളുടെ പിതാവിന് ഊഷ്മളമായ ബന്ധമുണ്ടായിരുന്നു. പ്രത്യയശാസ്ത്രപരമായി വേറിട്ട നിലപാട് സ്വീകരിക്കുമ്പോഴും വിദർഭയുടെ നേതാവ് ഗംഗാധർ ഫഡ്‌നാവിസുമായും അദ്ദേഹം സഹോദരബന്ധം പങ്കിട്ടിരുന്നു. ഒരുചടങ്ങിൽ പങ്കെടുക്കുന്നത് പ്രത്യയശാസ്ത്രപരമായ വിട്ടുവീഴ്ചയായി കാണേണ്ടതില്ല. അത് പരസ്പര ബഹുമാനത്തിന്റെ വിഷയമാണ്. കോൺഗ്രസും സമാനമായി തങ്ങളുടെ കുടുംബത്തോട് അനുഭാവപൂർവമായ സമീപനം സ്വീകരിച്ചിട്ടുണ്ട്. കോൺഗ്രസിൽ ചേരാൻ സമ്മതിച്ചാൽ ദാദാസാഹിബിനെ മുഖ്യമന്ത്രിയാക്കുമെന്ന് ഇന്ദിരാഗാന്ധി വാഗ്ദാനം ചെയ്തു. 2009 ലും 2014 ലും സോണിയ ഗാന്ധിയും 2019 ൽ മല്ലികാർജുൻ ഖാർഗെയും കോൺഗ്രസ് ചിഹ്നത്തിൽ മത്സരിക്കാൻ തനിക്ക് ലോക്‌സഭാ ടിക്കറ്റ് വാഗ്ദാനം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
എങ്കിലും ഗവായ് കുടുംബം ഒരിക്കലും അധികാരത്തിന് പിന്നാലെ ഓടിയിട്ടില്ലെന്ന് രാജേന്ദ്ര പറഞ്ഞു. ‘അധികാരം ഞങ്ങളുടെ ലക്ഷ്യമായിരുന്നെങ്കിൽ, ദാദാസാഹിബിന് എളുപ്പത്തിൽ ഉയർന്ന സ്ഥാനങ്ങൾ സ്വന്തമാക്കാമായിരുന്നു, എനിക്കും അങ്ങനെ തന്നെ. പക്ഷേ, ഞങ്ങളുടെ പ്രതിബദ്ധത എപ്പോഴും പാർട്ടിയോടും എല്ലാറ്റിനുമുപരി, ഞങ്ങളുടെ ആദർശങ്ങളോടും പ്രത്യയശാസ്ത്രത്തോടുമാണ്. ഞങ്ങളുടെ പ്രത്യയശാസ്ത്രം ഉറച്ചതാണ്. പക്ഷേ, അതിനപ്പുറം സൗഹൃദങ്ങൾ നിലനിൽക്കും.’-രാജേന്ദ്ര കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.